പത്തനംതിട്ട: അഞ്ച് കുരുന്നുകൾക്ക് പുതുജീവൻ പകർന്ന ആലിൻ ഷെറിന് വിട നൽകാൻ കേരളം. ഔദ്യോഗിക ബഹുമതികളോടെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കോട്ടയം നെടുങ്ങാടപ്പള്ളിയിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിനെ കാണാൻ ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് അവസാനമായി കാണാനായി എത്തുന്നത്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിൻ്റെയും ഷെറിൻ ആൻ ജോണിൻ്റെയും മകളാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ. ഈ മാസം അഞ്ചിന് കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി യാത്ര ചെയ്യുന്നതിനിടെ, ഇവഡ സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിനും മാതാപിതാക്കളും കുടുംബവപം തയ്യാറാകുകയായിരുന്നു.
അവയവദാനത്തിന് തയ്യാറായ കുടുംബത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലും അല്ലാതെയും പ്രതികരണം നടത്തിയത്. ജനിച്ച് പത്ത് മാസം പിന്നിടുമ്പോഴേക്കും ലോകത്തോട് വിട പറയേണ്ടി വന്നെങ്കിലും അഞ്ച് പേർക്ക് ജീവൻ പകുത്ത് നൽകിയാണ് ആ കുഞ്ഞ് മടങ്ങുന്നത്. മൂന്നേകാൽ മണിക്കൂർ കൊണ്ടാണ് ആലിൻ്റെ അവയവങ്ങൾ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. കരൾ കിംസിലും വൃക്കകൾ മെഡിക്കൽ കോളജിലും ഹൃദയവാൽവ് ശ്രീചിത്രയിലും നേത്രപടലങ്ങൾ അമൃത ആശുപത്രിയിലുമാണ് കൈമാറിയത്.