KERALA

കറുകുറ്റിയിൽ കുഞ്ഞിനെ കൊന്ന കേസ്: അമ്മൂമ്മ അറസ്റ്റില്‍

ഇന്നലെയാണ് ആൻ്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറ കൊല്ലപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന കേസിൽ അമ്മൂമ്മ അറസ്റ്റിൽ. അമ്മൂമ്മ റോസ്ലിയുടെ അറസ്റ്റ് അങ്കമാലി പൊലീസ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം റോസിലിയെ കോടതിയിൽ ഹാജരാക്കും.

ഇന്നലെയാണ് ആൻ്റണി-റൂത്ത് ദമ്പതികളുടെ മകൾ ഡെൽന മറിയം സാറ കൊല്ലപ്പെട്ടത്. കുഞ്ഞിനെ അമ്മൂമ്മയുടെ അടുത്ത് ഏല്‍പ്പിച്ച് അമ്മ അടുക്കളയില്‍ പോയ സമയത്തായിരുന്നു കൊലപാതകം. അമ്മൂമ്മയുടെ ആവശ്യ പ്രകാരം കഞ്ഞിയെടുക്കാനായാണ് അമ്മ അടുക്കളയിൽ പോയത്.

തിരിച്ചെത്തിയപ്പോൾ ചോരയിൽ കുളിച്ച് നിൽക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. അമ്മയുടെ ബഹളം കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തുകയും, കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

കുട്ടിക്ക് ചെറിയ മുറിവ് പറ്റിയെന്നാണ് ആശുപത്രിയിൽ ആദ്യം പറഞ്ഞത്. പിന്നീട് ഓക്സിജൻ കൊടുക്കാൻ ശ്രമിച്ചപ്പോഴാണ് കഴുത്തിലെ മുറിവ് ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിനുശേഷം അമ്മൂമ്മ അബോധാവസ്ഥയിലായിരുന്നു. ഇവർ ഡിപ്രഷന് മരുന്ന് കഴിക്കാറുണ്ടെന്ന് പഞ്ചായത്ത് മുൻ മെമ്പർ കെ.പി. അയ്യപ്പൻ പറഞ്ഞിരുന്നു. കുടുംബത്തിൽ അഞ്ച് പേരാണ് ഉള്ളതെന്നും, അന്നത്തെ ദിവസം മൂത്ത കുട്ടിയുടെ പിറന്നാളായിരുന്നുവെന്നും അയ്യപ്പൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT