KERALA

ഏകാദശി നിറവിൽ ഗുരുവായൂർ; ദർശനത്തിനെത്തുന്നത് പതിനായിരക്കണക്കിന് ഭക്തർ

ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നത് ഈ ഏകാദശി ദിനത്തിലാണെന്നാണ് വിശ്വാസം

Author : ന്യൂസ് ഡെസ്ക്

ഗുരുവായൂർ: ഭക്തിസാന്ദ്രമായി ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ആഘോഷം. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി ദിനമായ ഇന്ന് പതിനായിരക്കണക്കിന് ഭക്തരാണ് ഗുരുവായൂരപ്പനെ ദർശിക്കാനായി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നത് ഈ ഏകാദശി ദിനത്തിലാണെന്നാണ് വിശ്വാസം.

ശ്രീകൃഷ്ണൻ അർജുനന് ഭഗവദ്ഗീത ഉപദേശിച്ചതും ഏകാദശി ദിനത്തിലാണെന്നാണ് മറ്റൊരു വിശ്വാസം. ഇതിന്റെ ഭാഗമായി ഏകാദശി വ്രതമെടുത്ത് ദർശനത്തിനായി എത്തുന്ന ഭക്തരുടെ തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെടുന്നത്.

ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഗുരുവായൂർ ദേവസ്വം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കിഴക്കേ ഗോപുരം വഴിയായിരിക്കും ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാവിലെ അഞ്ചു മുതൽ വൈകീട്ട് അഞ്ചു വരെ വി.ഐ.പി. ദർശനം ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ഏകാദശി വ്രതാനുഷ്ഠാനത്തോടും ഗുരുവായൂരപ്പന്റെ ദർശനത്തോടും കൂടി പുണ്യദിനം ആചരിക്കാനായി വിവിധ ദേശങ്ങളിൽ നിന്നുള്ള ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്.

SCROLL FOR NEXT