മയിൽപ്പീലി പരീക്ഷ: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

സർവകലാശാലകൾ മുതൽ പൊതുവിദ്യാഭ്യാസ മേഖല വരെ കാവിവൽക്കരിക്കാൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്നും പിണറായി വിജയൻ വിമർശിച്ചു
മയിൽപ്പീലി പരീക്ഷ: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
Published on: 
Updated on: 

പൊതുവിദ്യാലയങ്ങളിൽ മയിൽപ്പീലി പരീക്ഷ നടത്താൻ അനുമതി നൽകിയ കോടതി ഉത്തരവിന് പിന്നാലെ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തീറെഴുതാനുള്ള യുഡിഎഫ് സർക്കാരിന്റെ അജണ്ടയുടെ ഭാഗമായാണ് കോടതി ഉത്തരവിന് വഴിയൊരുങ്ങിയതെന്ന് പിണറായി വിജയൻ ആരോപിച്ചു.

ആദ്യം പരീക്ഷ നടത്താൻ അനുമതി നൽകുകയും പിന്നീട് അത് റദ്ദാക്കുകയും ചെയ്തത് എന്തിനാണെന്ന ചോദ്യമാണ് കോടതി ഉയർത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായിരുന്നു അനുമതി ആദ്യം നൽകുകയും പിന്നീട് നിഷേധിക്കുകയും ചെയ്തതെന്നും കോടതിയിൽ പരീക്ഷ നടത്തിപ്പിന് അനുകൂലമായ വിധി നേടാനാകുമെന്ന മുൻധാരണയോടെയാണ് സർക്കാർ നീങ്ങിയതെന്നും പിണറായി ആരോപിച്ചു.

മയിൽപ്പീലി പരീക്ഷ: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് ഇളവ്

മയിൽപ്പീലി പരീക്ഷ സംഘടിപ്പിക്കുന്ന ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയെ ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിൽ അംഗമായി യുഡിഎഫ് സർക്കാർ നിയമിച്ചതും ഇതിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് തൊട്ടുമുമ്പാണ് കരിക്കുലം കമ്മിറ്റിയിൽ ബിജെപി പ്രതിനിധിയെ നിയമിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കാൻ ആർഎസ്എസ് നടത്തുന്ന ശ്രമങ്ങൾക്കെതിരെ കഴിഞ്ഞ പത്തുവർഷം കൊണ്ട് കേരളം ഉയർത്തിയ പ്രതിരോധങ്ങളെല്ലാം യുഡിഎഫ് സർക്കാർ തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർവകലാശാലകൾ മുതൽ പൊതുവിദ്യാഭ്യാസ മേഖല വരെ കാവിവൽക്കരിക്കാൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്നും പിണറായി വിജയൻ വിമർശിച്ചു.

ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി ജനാധിപത്യ മതേതര ശബ്ദം ഉച്ചത്തിൽ ഉയരണമെന്നും പിണറായി വിജയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.