തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ലോക്ഭവനിലേക്കും ഇന്ന് മാർച്ച് സംഘടിപ്പിച്ചു. എസ്.എഫ്.ഐ, എഐഎസ്എഫ്, കെഎസ്സി(എം), എഐഡിഎസ്ഒ തുടങ്ങിയ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
ഒരു ജന്തർ മന്ദർ ഇല്ലാതാക്കിയാൽ രാജ്യത്ത് ആയിരക്കണക്കിന് ജന്തർ മന്ദിറുകൾ ഉണ്ടാകുമെന്ന് പറഞ്ഞ പിണറായി വിജയൻ ഗ്യാനേഷ് കുമാർ പുറത്ത് പോയേ പറ്റൂവെന്ന് ആവശ്യപ്പെട്ടു. "അടുത്ത കാലത്തായി കമ്മീഷൻ ജനാധിപത്യ മൂല്യങ്ങളെ തകർക്കുകയാണ്. ആർഎസ്എസ് ബിജെപി അജണ്ടയനുസരിച്ചുള്ള കാര്യങ്ങളാണ്. ജനാധിപത്യത്തിൻ്റെ വലിയ സൗന്ദര്യം ഭരണാധികാരികളെ തീരുമാനിക്കാനുള്ള അധികാരം ജനങ്ങൾക്കാണ് എന്നതാണ്. ആ അധികാരം എടുത്തുകളയാനാണ് കമ്മീഷൻ ശ്രമിക്കുന്നത്. ബിജെപിക്ക് അധികാരത്തിൽ തുടരാൻ വേണ്ടി ഭരണഘടന ജനങ്ങൾക്ക് ഉറപ്പുനൽകുന്ന വോട്ടവകാശം നിഷേധിക്കുന്നു. ഇതിനുവേണ്ടി തെരഞ്ഞെടുപ് കമ്മീഷനെ ദുരുപയോഗം ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേന്ദ്രത്തിൻ്റെ വിശ്വസ്തനായി ആർഎസ്എസ്-ബിജെപി അജണ്ട നടപ്പാക്കുന്നു," പിണറായി വിജയൻ പറഞ്ഞു.
"എസ്ഐആർ വഴി 13 കോടിയോളം പേരുടെ വോട്ടവകാശമാണ് ഇല്ലാതാക്കിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏകാധിപത്യപരമായി കാര്യങ്ങൾ നടത്തി. മറ്റു അംഗങ്ങൾ യോജിക്കാത്ത തീരുമാനങ്ങളുണ്ടായിട്ടും അവ നടപ്പാക്കി. ജനാധിപത്യം വലിച്ചെറിയപ്പെട്ടു. ജനാധിപത്യ തത്വങ്ങൾ കാറ്റിൽപ്പറത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മാത്രം തീരുമാനമാണ് കമ്മീഷൻ്റെ തീരുമാനമായി പുറത്തുവന്നത്," പിണറായി വിജയൻ പറഞ്ഞു.
"ജനാധിപത്യ വിരുദ്ധമായി പ്രവർത്തിച്ച് ജനങ്ങളുടെ വോട്ടവകാശം നിഷേധിച്ച ഗ്യാനേഷ് കുമാർ ആ സ്ഥാനത്തിരിക്കാൻ പാടില്ലെന്നാണ് രാജ്യമാകെ ഒന്നിച്ച് ആവശ്യപ്പെടുന്നത്. ഇതിനായുള്ള സമരത്തിൻ്റെ മുന്നിൽ വിദ്യാർഥികളും യുവാക്കളും അണിനിരക്കുന്നു എന്നുള്ളത് ജനാധിപത്യത്തിൻ്റെ ഭാവി സുരക്ഷിതമായിരിക്കും എന്ന ഉറപ്പ് നൽകുന്നു," പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർമാർ ഇഷ്ടമുള്ള പോലെ ഇടപെടുകയാണ്. പുതിയ ഗവർണറും ഇതിനാണ് ശ്രമിക്കുന്നതെങ്കിൽ നാളെ ലോക്ഭവനകത്ത് വിദ്യാർഥികൾ കയറുമെന്ന് കെ. രാജൻ എംഎൽഎ പറഞ്ഞു.
പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ലോക്ഭവൻ പ്രതിഷേധമായിരുന്നു ഇത്. അതേസമയം, സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂർ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങും ഒപ്പമുണ്ടായിരുന്നു.