ആലപ്പുഴ: കമ്മ്യൂണിസ്റ്റ് ജീവിതം അവസാനിപ്പിച്ച് ഇത്തവണ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന ജി. സുധാകരൻ്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് എച്ച്. സലാം എംഎൽഎ. അരങ്ങേറുന്ന നാടകത്തിന്റെ ഒരു രംഗം മാത്രമാണ് നടന്നതെന്ന് സലാം പ്രതികരിച്ചു. ഇനി രണ്ട് രംഗങ്ങൾ കൂടി വരാനുണ്ട്. നടക്കുന്നത് ആസൂത്രിതമായ നീക്കമാണ്. നമ്മൾ എല്ലാവരും അരിയാഹാരം കഴിക്കുന്നവരല്ലേയെന്നും സലാം പറഞ്ഞു. താൻ വളർത്തിക്കൊണ്ട് വന്നയാളാണ് സലാം എന്നായിരുന്നു സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
പാർട്ടിയിൽ നിന്ന് എല്ലാ പരിഗണനകളും നേടിയ നേതാവാണ് സുധാകരനെന്നും സലാം പറഞ്ഞു. ദീർഘനാൾ മറ്റാർക്കും ലഭിക്കാത്ത പരിഗണന ലഭിച്ചയാളാണ് സുധാകരൻ. വി.എസ്. അച്യുതാനന്ദൻ പോലും ഇത്ര പ്രാവശ്യം മത്സരിച്ചുകാണില്ല. എന്തു കൊണ്ടാണ് ഒരു മാസമായി ഈ ചർച്ച ഉയർന്നുവന്നത് എന്ന് എല്ലാവർക്കും അറിയാം. എന്നെ പാർട്ടി അമ്പലപ്പുഴയിൽ സ്ഥാനാർഥിയാക്കിയത് ഞാൻ പോയി ചോദിച്ചിട്ടല്ലെന്നും സലാം പറഞ്ഞു. തനിക്കെതിരെ സുധാകരൻ ചെയ്തതിന്റെ തെളിവുകൾ ഇപ്പോളും കയ്യിലുണ്ട്, മാന്യത ഉള്ളത് കൊണ്ട് ഒന്നും പുറത്ത് പറയുന്നില്ലെന്നും സലാം പറഞ്ഞു.
ആറ് പതിറ്റാണ്ടിൻ്റെ കമ്മ്യൂണിസ്റ്റ് ജീവിതം അവസാനിപ്പിച്ച് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകും. ആരുടെയും പിന്തുണ തേടില്ല. ഒരു മുന്നണിയിലും ചേരില്ല. പുറത്ത് നിന്ന് ആരെങ്കിലും പിന്തുണച്ചാൽ സ്വീകരിക്കുന്നത് അപ്പോൾ തീരുമാനിക്കും. പാർട്ടി ആദർശങ്ങൾ ഉപേക്ഷിക്കില്ല എന്നും ജി. സുധാകരൻ പറഞ്ഞിരുന്നു.