കാസർഗോഡ്: എസ്ഐആറുമായി ബന്ധപ്പെട്ട കരട് പട്ടിക പുറത്തുവന്നപ്പോൾ ജില്ലയിൽ മാത്രം 2021 ലെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത് അരലക്ഷത്തോളം പേരാണ്. മഞ്ചേശ്വരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഒഴിവാക്കപ്പെട്ടത്. പതിനഞ്ചായിരത്തിലേറെ ആളുകളാണ് ചുരുക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത്.
2021 ലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 10,54,161 വോട്ടർമാരാണ് കാസർഗോഡ് ജില്ലയിലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ മഞ്ചേശ്വരത്താണ്. 2,21,682 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ പുതിയ എസ്ഐആർ കണക്ക് പ്രകാരം 5291 പേർ മരിച്ചവരാണ്. 5111പേർ സ്ഥിരമായി മാറി താമസിക്കുന്നവരാണ്. 545 വോട്ടർമാരുടെ പേരുകൾ നേരത്തെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 4249 പേർ ഫോം തിരിച്ചു നൽകാത്തവരാണ്. 325 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ കണക്കുകൾ പ്രകാരം 15521 പേർ പട്ടികയിൽ നിന്നും പുറത്താകും.
കാസർഗോഡ് മണ്ഡലത്തിൽ ആകെയുള്ള രണ്ട് ലക്ഷത്തി പതിനെട്ടായിരത്തി പന്ത്രണ്ട് പേരിൽ 15183 പേരും പട്ടികയ്ക്ക് പുറത്താകും. 4665 പേർ മരിച്ചതായി കണ്ടെത്തിയപ്പോൾ 5161 ആളുകൾ സ്ഥിരമായി മാറി താമസിക്കുന്നവരാണ്. 476 വോട്ടർമാരുടെ പേരുകൾ നേരത്തെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 4473 പേർ ഫോം തിരിച്ചു നൽകാത്ത വരും 48 വോട്ടർമാരെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തതുമാണ്. ഉദുമയിൽ ആകെയുള്ള രണ്ട് ലക്ഷത്തി പതിനാലായിരത്തിഇരുന്നൂറ്റി ഒൻപത് വോട്ടർമാരിൽ 8917 പേരാണ് പട്ടികയിൽ നിന്നും പുറത്താക്കുക 3363 പേർ മരിച്ചതായി കണ്ടെത്തി 290 വോട്ടർമാരെ കുറിച്ച് വിവരമില്ല.
കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ പുറത്താകുന്നവരുടെ എണ്ണം 10,389 ആണ്. ഇതിൽ 4386 പേർ മാറി താമസിക്കുന്നവരും 2134 പേർ ഫോം തിരികെ നൽകാത്തവരുമാണ്. 597 വോട്ടർമാരെ കണ്ടെത്താനായിട്ടില്ല. തൃക്കരിപ്പൂരിലാണ് ഏറ്റവും കുറവ് ആളുകൾ പട്ടികയ്ക്ക് പുറത്തായത്. രണ്ട് ലക്ഷത്തി 2249 പേരിൽ 691 വോട്ടർമാരാണ് പട്ടികയ്ക്ക് പുറത്തായത്. 186 പേരെ കുറിച്ച് വിവരം ലഭ്യമല്ല. 20246 പേർ മരിച്ചതായും 2976 വോട്ടർമാർ മാറി താമസിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2134 ആളുകൾ ഫോം തിരികെ ഏൽപ്പിച്ചിട്ടില്ല. കരട് പട്ടിക അനുസരിച്ച് കാസർഗോഡ് ജില്ലയിൽ മാത്രം അര ലക്ഷത്തോളം പേർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു.
വ്യക്തി വിവരങ്ങൾ ഉൾപ്പെടുത്താൻ ഇനിയും സമയമുണ്ടെന്ന് പറയുമ്പോഴും എത്രപേർക്ക് ഇതിനുള്ള അവസരം ലഭ്യമാകും എന്ന കാര്യത്തിൽ ആശങ്കയുണ്ട്. രാഷ്ട്രീയപാർട്ടികൾക്ക് ഉൾപ്പെടെ പട്ടികയുടെ കരട് നൽകിയതിനാൽ ആളുകളെ വേഗത്തിൽ കണ്ടെത്താൻ ആകും എന്നും ഇതുവഴി ഓൺലൈൻ വിവരശേഖരണം അതിവേഗം പൂർത്തിയാക്കാൻ ആകും എന്നുമാണ് പ്രതീക്ഷ.