കോഴിക്കോട്: കോഴി മാലിന്യ സംസ്കരണ ഫാക്ടറിയിലുണ്ടായ സംഘർഷത്തിന് പിന്നാലെ താമരശേരിയിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. ഓമശേരി, കോടഞ്ചേരി, താമരശേരി പഞ്ചായത്തിലെ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിൽ ആണ് ഹർത്താൽ. സമഗ്രമായ അന്വേഷണം നടത്തണം, പ്രശ്നത്തിന് പരിഹാരം കാണണം എന്നാണ് ആവശ്യം.
കട്ടിപ്പാറയിൽ കോഴി മാലിന്യ സംസ്കരണ ഫാക്ടറിക്ക് എതിരായ പ്രതിഷേധത്തിൽ വൻ സംഘർഷമാണുണ്ടായത്. മാലിന്യ ഫാക്ടറിക്ക് പ്രതിഷേധക്കാർ തീയിട്ടു. വാഹനങ്ങൾ തല്ലിത്തകർത്ത പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലേറിഞ്ഞു. സംഘർഷത്തിൽ റൂറൽ എസ്പിക്ക് അടക്കം 16 പൊലീസുകാർക്കും 27 സമരക്കാർക്കും പരിക്കേറ്റു. പൊലീസുകാരാണ് പ്രകോപനമുണ്ടാക്കിയതെന്നും നാട്ടുകാർ പൊലീസിനെ ആക്രമിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ പരിക്കേറ്റെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു.
അതേസമയം, താമരശേരി ഫ്രഷ് കട്ടിന് മുന്നിൽ നടന്നത് ആസൂത്രിത അക്രമം എന്ന് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തിയെന്നും ഡിഐജി പറഞ്ഞു. അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാവിലെ മുതൽ വൈകിട്ട് വരെ സമാധാനപരമായിരുന്നു കാര്യങ്ങൾ. വൈകിട്ടാണ് ആസൂത്രിത അക്രമം ഉണ്ടായത്. ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണക്കാൻ പോയ ഫയർഫോഴ്സ് എൻജിനുകളെ പോലും തടഞ്ഞുവച്ചു. മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടായത്. കർശനമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഡിഐജി പറഞ്ഞു.