ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി ഹസൻ വാരിസ് 
KERALA

"സ്വന്തം മകളെ രക്ഷിക്കണോ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും മകളെ സംരക്ഷിക്കണോ"; ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി ഹസൻ വാരിസ്

22കാരിയായ മകളെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുമെന്ന് ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും ഹസൻ വാരിസ് ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുഹമ്മദ് റിയാസിന് എതിരായ ഇഡി നീക്കത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി സുഹൃത്ത് ഹസൻ വാരിസ്. ഇഡി ഭീഷണിപ്പെടുത്തിയതോടെയാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി നല്‍കിയതെന്ന് ഹസന്‍ വാരിസ് പറഞ്ഞു.

20 കോടിയുടെ ഹവാല ഇടപാട് റിയാസിന് വേണ്ടി നടത്തിയെന്ന മൊഴി ഭീഷണിപ്പെടുത്തി ഇഡി എഴുതി വാങ്ങിയതാണ്. 22കാരിയായ മകളെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുമെന്ന് ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും ഹസൻ വാരിസ് ആരോപിച്ചു. ഇഡി ഉദ്യോഗസ്ഥരുടെ ഭീഷണി കേട്ട് കുടുംബം പേടിച്ച് പോയെന്നും ഹസൻ പറഞ്ഞു.

ഓഗസ്റ്റ് 18ന് കൊടുത്ത മൊഴി പിൻവലിക്കാൻ 20ന് കൊടുത്ത അപേക്ഷ ന്യൂസ് മലയാളത്തിന് ലഭിച്ചു. തൻ്റെ മൊഴിക്ക് നിയമപരമായി സാധുതയില്ലെന്നും മൊഴി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഇഡിക്ക് ഹസന്‍ വാരിസ് സത്യവാങ്മൂലം നൽകിയിരുന്നു.

ആഗസ്റ്റ് 18നാണ് ഇഡി ചോദ്യം ചെയ്തതെന്നും അതേദിവസം തന്നെ തൻ്റെ മൊഴി രേഖപ്പെടുത്തി അതില്‍ ഒപ്പ് വപ്പിച്ചെന്നും ഹസന്‍ വാരിസ് ആരോപിച്ചു. പി.എ. മുഹമ്മദ് റിയാസില്‍ നിന്നോ അദ്ദേഹത്തിൻ്റെ ഏതെങ്കിലും ബന്ധുവില്‍ നിന്നോ പണം കൈപ്പറ്റിയിട്ടില്ല. മുഹമ്മദ് റിയാസിൻ്റെ നിര്‍ദേശപ്രകാരം പണം കൈമാറിയിട്ടില്ല. എന്നാല്‍ റിയാസിനെതിരെ മൊഴി നല്‍കുകയും പേപ്പറില്‍ ഒപ്പിടുകയും ചെയ്തില്ലെങ്കില്‍ തൻ്റെ 22 കാരിയായ ഇളയ മകളെ ബുദ്ധിമുട്ടിക്കുമെന്ന് ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും ഹസൻ വാരിസ് ആരോപിച്ചു.

സ്വന്തം മകളെ രക്ഷിക്കണോ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും മകളെ സംരക്ഷിക്കണോയെന്ന് ഇഡി ഉദ്യോഗസ്ഥര്‍ ചോദിച്ചു. 20 ഓളം ആയുധധാരികളായ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വീട്ടിലുണ്ടായിരുന്നു. നിയമസഹായം തേടാനായി അഭിഭാഷകനെ വിളിക്കാന്‍ മൊബൈല്‍ ഫോണിനായി അപേക്ഷിച്ചെങ്കിലും നല്‍കിയില്ലെന്നും ഹസൻ വാരിസ് പറഞ്ഞു.

SCROLL FOR NEXT