കുട്ടികളുടെ അമ്മ ദേവി Source: News Malayalam 24x7
KERALA

'എൻ്റെ മടിയിൽ വെച്ചപ്പോൾ അവന് അനക്കമുണ്ടായിരുന്നു'; അട്ടപ്പാടിയിൽ മരിച്ച കുട്ടികളുടെ അമ്മ

പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ദേവി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: അട്ടപ്പാടി കരുവാര ഉന്നതിയിൽ സ്ലാബ് ഇടിഞ്ഞ് രണ്ടു കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി കുട്ടികളുടെ അമ്മ ദേവി. 'വാഹനം കിട്ടിയിരുന്നെങ്കിൽ ഒരാളുടെ ജീവൻ രക്ഷിക്കാമായിരുന്നു. എൻ്റെ മടിയിൽ വെച്ചപ്പോൾ അവന് അനക്കമുണ്ടായിരുന്നു. പല തവണ വിളിച്ചിട്ടും വാഹനം എത്തിയില്ല. ഇതോടെയാണ് സ്കൂട്ടറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നത്. നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ഒരാളെയെങ്കിലും തിരിച്ചുകിട്ടിയേനെ'. പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ദേവി പറഞ്ഞു.

എന്നാൽ, അട്ടപ്പാടിയിലെ അപകടത്തിന് കാരണം ഐടിഡിപിയുടെ അനാസ്ഥയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഐടിഡിപി നിർമാണം ആരംഭിച്ച നിരവധി വീടുകൾ പാതിവഴിയിൽ പണി തീരാതെ കിടക്കുകയാണെന്നും ഇത്തരത്തിൽ പാതി പണി കഴിഞ്ഞ വീട്ടിലാണ് അപകടമുണ്ടായതെന്നും ജില്ലാ കോൺഗ്രസ് അംഗം ഷിബു സിറിയക് പറഞ്ഞു.

അതേസമയം, കുട്ടികൾ മരിച്ച സംഭവത്തിൽ ബോധപൂർവ്വം വീഴ്ച വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കാലപ്പഴക്കം ചെന്ന് കെട്ടിടങ്ങൾ അപകടകരമായ രീതിയിൽ ഉണ്ടെങ്കിൽ അതും പരിശോധിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെയാണ് അട്ടപ്പാടി കരുവാര ഉന്നതിയിൽ പാതിപണി കഴിഞ്ഞ വീടിൻ്റെ സ്ലാബ് ഇടിഞ്ഞ് ആദി, അജ്നേഷ് എന്നീ കുട്ടികൾ മരിച്ചത്.

SCROLL FOR NEXT