സനീഷിന്റെ ബന്ധുക്കൾ Source; News Malayalam 24X7
KERALA

സബ് കളക്ടർ നേരിട്ടെത്തി ഉറപ്പ് നൽകി; അനസ്തേഷ്യ നൽകിയ യുവാവ് മരിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര പിഴവാണെന്നാണ് ആരോപണം.

Author : ന്യൂസ് ഡെസ്ക്

തൃശൂർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ നൽകിയ യുവാവ് മരിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. മരിച്ച സനീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ പ്രതിഷേധിച്ചതോടെ ആരോപണ വിധേയരായ ഡോക്ടർമാരെ മാറ്റി നിർത്തി അന്വേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു . സബ് കളക്ടർ നേരിട്ടെത്തി ഉറപ്പ് നൽകിയതോടെയാണ് തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ ബന്ധുക്കൾ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചത്.

ഹെർണിയ ശസ്ത്രക്രിയക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സനീഷ് കുമാർ, അനസ്തേഷ്യ നൽകിയതിനെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര പിഴവാണെന്നാണ് ആരോപണം. മരണത്തിൽ അന്വേഷണം പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് വ്യക്തമാക്കിയായിരുന്നു തൃശൂർ മെഡിക്കൽ കോളേജിന് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചത്.

ഉച്ചക്ക് ഒരു മണിയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലന്ന് ബന്ധുക്കൾ നിലപാടെടുത്തു. വിവിധ രാഷ്ട്രീയ നേതാക്കളും എസ്.സി - എസ് .ടി കമ്മീഷനംഗം വി.കെ വാസുവും ചർച്ച നടത്തിയെങ്കിലും ബന്ധുക്കൾ പിന്മാറാൻ തയ്യാറായില്ല. ഇതിന് പിന്നാലെ ചർച്ചക്കെത്തിയ തൃശൂർ തഹസിൽദാർ , ഡി.എം.ഒ എന്നിവരും സമവായത്തിന് ശ്രമിച്ചു. പ്രതിഷേധത്തിനിടെ സനീഷിന്റെ അനിയൻ സിനോജ് കുഴഞ്ഞുവീണു.

മണിക്കൂറുകളോളം പ്രതിഷേധം തുടർന്നതോടെ സനീഷിന്റെ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണ ജോർജും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഫോണിൽ ബന്ധപ്പെട്ടു. ഒടുവിൽ സബ് കളക്ടർ നേരിട്ടെത്തി ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിക്കാൻ ബന്ധുക്കൾ തയ്യാറായത്.

സനീഷിന്റെ മരണത്തിൽ ആരോപണ വിധേയരായവരെ മാറ്റി നിർത്തി അന്വേഷണം നടത്തുമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ ഉറപ്പ് . തൃശൂർ ഡി.എം.ഒ ഡോ. രാധികയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു . പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ വിദഗ്ധ സമിതി നാളെ ചാലക്കുടി താലൂക്ക് ആശുപത്രി അധികൃതരുടെയും ഡോക്ടർമാരുടെയും മൊഴിയെടുക്കും . നാളെ രാവിലെ ചാലക്കുടി കുറ്റിച്ചിറയിലെ വീടിനോട് ചേർന്ന ശ്മശാനത്തിൽ സനീഷിന്റെ മൃതദേഹം സംസ്കരിക്കും.

SCROLL FOR NEXT