
സിപിഐഎമ്മിനെതിരെ ജമാഅത്തെ ഇസ്ലാമി നിയമനടപടിക്കൊരുങ്ങുന്നു. പഹല്‍ഗാം ആക്രമണത്തില്‍ ജമാഅത്ത് പ്രതികരിച്ചില്ലെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനക്കെതിരെയാണ് നടപടി. പച്ചക്കള്ളം പ്രചരിപ്പിച്ച് സിപിഐഎം വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെകട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി പഹല്‍ഗാം വിഷയത്തിലിറക്കിയ പ്രസ്താവന കൂടി പങ്കുവെച്ചാണ് പ്രതികരണം. മുസ്ലിം സമുദായത്തെക്കുറിച്ചും മലപ്പുറം ജില്ലയെ സംബന്ധിച്ചും ഇടതുപക്ഷം കാലങ്ങളായി രൂപപ്പെടുത്തിയ വംശീയ ബോധത്തിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ഈ പ്രസ്താവനയും എന്ന് ശിഹാബ് പൂക്കോട്ടൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഇസ്ലാമോഫോബിയ നാള്‍ക്കുനാള്‍ കേരളത്തില്‍ ബലപ്പെട്ടുവരുന്നതില്‍ സിപിഐഎം നല്‍കുന്ന സംഭാവന വളരെ വലുതാണ്. മുസ്ലിം സമുദായത്തെയും സംഘടനകളെയും അപരവല്‍ക്കരിക്കുകയും ഭീകരവല്‍ക്കരിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ് കേരളത്തില്‍ സിപിഐഎം ഓരോ തെരഞ്ഞെടുപ്പുകളിലും ഉയര്‍ത്തുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
'വര്‍ഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സഖാക്കളും പച്ചക്കള്ളമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചില്ലെന്നുള്ള ശുദ്ധ അസംബന്ധമാണ് ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി എഴുന്നെള്ളിച്ചിരിക്കുന്നത്. സമൂഹത്തില്‍ വര്‍ഗീയ ധ്രവീകരണം സൃഷ്ടിക്കാന്‍ വ്യാജം പ്രചരിപ്പിക്കുന്ന സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്. മുസ്ലിം സമുദായത്തെക്കുറിച്ചും മലപ്പുറം ജില്ലയെ സംബന്ധിച്ചും ഇടതുപക്ഷം കാലങ്ങളായി രൂപപ്പെടുത്തിയ വംശീയ ബോധത്തിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടിസെക്രട്ടറിയുടെ ഈ പ്രസ്താവനയും. മുസ്ലിം സമുദായത്തെയും സംഘടനകളെയും അപരവല്‍ക്കരിക്കുകയും ഭീകരവല്‍ക്കരിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ് കേരളത്തില്‍ സി.പി.എം ഓരോ തെരഞ്ഞെടുപ്പുകളിലും ഉയര്‍ത്തുന്നത്. ഇസ്ലാമോഫോബിയ നാള്‍ക്കുനാള്‍ കേരളത്തില്‍ ബലപ്പെട്ടുവരുന്നതില്‍ സി.പി.എം നല്‍കുന്ന സംഭാവന വളരെ വലുതാണ്,' ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു.
പഹല്‍ഗാമില്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ സയ്യിദ് സആദതുല്ലാഹ് ഹുസൈനി നടത്തിയ പ്രസ്താവനയും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ജമ്മു കശ്മീരില്‍ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പ്രതിഷേധിക്കുകയോ അതിനെതിരെ നിലപാട് സ്വീകരിക്കുകയോ ചെയ്യാത്ത സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്നായിരുന്നു എം വി ഗോവിന്ദന്‍. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനെ യുഡിഎഫ് തള്ളാതിരുന്നതോടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.