തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിലെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ കോര്പ്പറേഷന് സെക്രട്ടറി സസ്പെൻഡ് ചെയ്തു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷൻ അധികൃതരാണ് ഇയാൾക്കെതിരെ അടിയന്തര അച്ചടക്ക നടപടി സ്വീകരിച്ചത്.
ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു അനുരൂപ്. അതേസമയം അനുരൂപ് സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പുറത്തുവരുന്ന വിവരം. ബാറിൽ മദ്യപിച്ചിട്ട് പണം നൽകാത്തതിന് തുടർന്ന് സംഘർഷം ഉണ്ടാക്കിയെന്നും റിപ്പോർട്ടുണ്ട്.
ആദ്യം ഇയാൾ വിഴിഞ്ഞത്താണ് ജോലി ചെയ്തിരുന്നത്. പിന്നീട് ഇയാളെ തിരുമലയിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ബാറിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് അന്നത്തെ മേയറായിരുന്ന ആര്യ രാജേന്ദ്രനാണ് ഉള്ളൂർ സോണലിലേക്ക് മാറ്റിയത്. കോർപ്പറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആണ് അനുരൂപ്.
കോവളത്ത് പ്രവർത്തിക്കുന്ന ഡ്രീംസ് എന്ന സ്പായിൽ 16 വയസുകാരിയായ പെൺകുട്ടി ദീർഘകാലമായി ലൈംഗിക ചൂഷണത്തിന് ഇരയായ കേസിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പീഡനം നടന്ന സ്പാ സ്ഥാപനം അനുരൂപിൻ്റെ ബിനാമി ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
പൂവാർ സ്വദേശിയായ നിഷാന്ത് എന്നയാളെ മുന്നിൽ നിർത്തിയാണ് ഇയാൾ ഈ സ്ഥാപനം നടത്തിയിരുന്നത്. സ്പായിലെ സേവനങ്ങൾക്കായി ഇടപാടുകാർ ക്യൂ ആർ കോഡ് വഴി അയച്ചിരുന്ന പണം നേരിട്ട് എത്തിയിരുന്നത് ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിൻ്റെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് പൊലീസ് സാങ്കേതിക തെളിവുകൾ സഹിതം കണ്ടെത്തിയിരുന്നു.