വീണാ ജോർജ് 
KERALA

ഗർഭാശയഗള കാൻസർ പ്രതിരോധം; സംസ്ഥാനത്തെ ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് വാക്സിനേഷൻ നൽകും: ആരോഗ്യമന്ത്രി

എച്ച്പിവി വാക്സിനേഷൻ നൽകുന്ന കാര്യത്തിൽ ഒരാഴ്ചയ്ക്കകം ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾക്ക് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എച്ച്പിവി വാക്സിനേഷൻ നൽകുന്ന കാര്യത്തിൽ ഒരാഴ്ചയ്ക്കകം ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാന്‍സറുകളിലൊന്നാണ് ഗര്‍ഭാശയഗള കാന്‍സര്‍. 9 മുതല്‍ 14 വയസുവരെയാണ് എച്ച്പിവി വാക്‌സിന്‍ ഏറ്റവും ഫലപ്രദം. അതേസമയം, 26 വയസുവരെ എച്ച്പിവി വാക്‌സിന്‍ നല്‍കാവുന്നതാണ്. വാക്‌സിന്‍ കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കുന്നതാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഇത് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം സംസ്ഥാനം സുപ്രധാന തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

ഗര്‍ഭാശയഗള കാന്‍സര്‍ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാനായി സംസ്ഥാനം വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. എച്ച്പിവി വാക്‌സിനേഷന്‍ സംബന്ധിച്ച അവബോധ ക്യാമ്പയിനും സംഘടിപ്പിക്കും. ടെക്‌നിക്കല്‍ കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചായിരിക്കും അവബോധ സന്ദേശങ്ങള്‍ തയ്യാറാക്കുക. പ്ലസ് വണ്‍, പ്ലസ് ടു തലത്തിലെ കുട്ടികളായതിനാല്‍ സ്‌കൂള്‍ തലത്തില്‍ പ്രത്യേക അവബോധം നല്‍കും. രക്ഷകര്‍ത്താക്കള്‍ക്കും അവബോധം നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

SCROLL FOR NEXT