കെ. മുരളീധരൻ Source: News Malayalam 24X7
KERALA

രോഗവ്യാപനത്തിന് കാരണം മഴക്കാലപൂർവ ശുചീകരണത്തിലെ പാളിച്ച: കെ. മുരളീധരൻ

രോഗപ്രതിരോധ മാർ​ഗങ്ങൾക്കായി വിദഗ്ധരുമായി യോഗം ചേർന്നിട്ടുണ്ടെന്നും കെ. മുരളീധരൻ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിൽ വീഴ്ച‌‌‌പ്പറ്റിയെന്ന് ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ. ഇത് മഴക്കാല രോഗവ്യാപനത്തിന് കാരണമായി. തെരഞ്ഞെടുപ്പ് വന്നത് അടക്കം പ്രവർത്തനങ്ങളെ ബാധിച്ചു. പരിശോധനകൾ കൂട്ടിയതും രോഗികളുടെ എണ്ണം വർധിക്കാൻ കാരണമായി. യാഥാർഥ്യങ്ങൾ മൂടി വയ്ക്കേണ്ട ആവശ്യമില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. രോഗപ്രതിരോധ മാർ​ഗങ്ങൾക്കായി വിദഗ്ധരുമായി യോഗം ചേർന്നിട്ടുണ്ടെന്നും കെ. മുരളീധരൻ അറിയിച്ചു.

പകർച്ച വ്യാധികൾ നിയന്ത്രിക്കാൻ ഹൈ പവർ കമ്മിറ്റിക്ക് രൂപം നൽകി. പകർച്ച പനികൾ നിയന്ത്രിക്കാൻ കലണ്ടർ തയ്യാറാക്കും. ഓരോ കാലവും ഉണ്ടാകുന്ന പകർച്ചവ്യാധികളുടെ വിവരങ്ങൾ വച്ചായിരിക്കും തയ്യാറാക്കുക. പകർച്ചവ്യാധികൾ, മരുന്നുകൾ, മറ്റ് സജ്ജീകരണം ഇതൊക്കെ സർക്കാരിനെ അറിയിക്കാനാണ് ഹൈ പവർ കമ്മിറ്റി. റിപ്പോർട്ട് നൽകാനുള്ള ചുമതല മാത്രമേ കമ്മിറ്റിക്ക് ഉള്ളൂ. സംസ്ഥാന തലത്തിൽ കമ്മിറ്റി പ്രവർത്തിക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

ജില്ലാതലത്തിൽ രോ​ഗങ്ങളുടെ ഔട്ട് ബ്രേക്ക് നിരീക്ഷിക്കാൻ മോണിറ്റിങ് യൂണിറ്റ് സംവിധാനം രോപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ രോഗങ്ങൾ കണ്ടെത്തലും പ്രതിരോധിക്കലുമാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ ഇവയുടെ ഒക്കെ നിരീക്ഷണം ആരോഗ്യ വകുപ്പിനായിരിക്കും. വിവരങ്ങൾ വകുപ്പിനെ അറിയിക്കാൻ മാത്രമാണ് ഈ കമ്മിറ്റികൾ എന്നും കെ. മുരളീധരൻ അറിയിച്ചു.

നിപ രോഗബാധിതന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുമ്പോൾ രോഗിയുടെ നില അതീവ ഗുരുതരമായിരുന്നു. 24 മണിക്കൂർ അതിജീവിക്കില്ലെന്നായിരുന്നു നിഗമനം. ജീവൻ നിലനിർത്താൻ സാധിച്ചു. ഡോക്ടർമാർ മുതൽ ക്ലീനിങ് സ്റ്റാഫുകൾ വരെ അതിന് വേണ്ടി പ്രവർത്തിച്ചു. ഇതുവരെ 38 പേരുടെ സാമ്പിൾ ടെസ്റ്റുകൾ നടത്തി. ഇതിൽ 37 പേരുടെടെയും നിപ ഫലം നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു.

SCROLL FOR NEXT