ബിന്ദുവിൻ്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി വീണാ ജോര്‍ജ്  Source: News Malayalam 24x7
KERALA

"സർക്കാർ എന്നും കൂടെ ഉണ്ടാകും"; ബിന്ദുവിൻ്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി വീണാ ജോര്‍ജ്

മന്ത്രിസഭാ തീരുമാനം അനുസരിച്ച് ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപറമ്പ് സ്വദേശി ബിന്ദുവിൻ്റെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാരെന്നും കൂടെ ഉണ്ടാകും, മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിച്ചിരുന്നുവെന്നും വീണാ ജോർജ് അറിയിച്ചു.

മന്ത്രിസഭാ തീരുമാനം അനുസരിച്ച് ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി. ഇന്ന് രാവിലെ 7മണിക്ക് ശേഷമാണ് മന്ത്രി ബിന്ദുവിൻ്റെ വീട്ടിലെത്തിയത്. മകളുടെ വിയോഗത്തിൽ ദുഃഖിതയായ അമ്മ മന്ത്രിയോട് കാര്യങ്ങൾ പങ്കുവെച്ചു.

ഇതിനുപിന്നാലെ ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ കാര്യങ്ങൾ വിശദീകരിച്ചു. ബിന്ദുവിൻ്റെ മരണവിവരം അമ്മയെ അറിയിച്ചിരുന്നില്ല, അമ്മക്ക് അത് താങ്ങാൻ കഴിയില്ലെന്ന് അറിയുന്നത് കൊണ്ടാണ് വിളിച്ച് പറയാതിരുന്നത്. എന്നാൽ മറ്റാരോ അമ്മയെ വിളിച്ച് കാര്യങ്ങൾ അറിയിക്കുകയായിരുന്നു.

മന്ത്രി വരാൻ വൈകിയതിൽ പരിഭവമില്ല. ചില സാങ്കേതിക തടസങ്ങൾ ഉണ്ടായിരുന്നു. ആദ്യം വിളിച്ചപ്പോൾ തന്നെ മന്ത്രി അത് പറഞ്ഞിരുന്നുവെന്നും വിശ്രുതൻ പറഞ്ഞു. മകളുടെ ചികിത്സ നാളെ തന്നെ ആരംഭിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. രാവിലെ തന്നെ മെഡിക്കൽ കോളേജിലേക്ക് പോകും. അവിടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി സൂപ്രണ്ട് അറിയിച്ചിരുന്നുവെന്നും വിശ്രുതൻ പറഞ്ഞു.

മകന് സ്ഥിരം ജോലി നൽകുന്ന കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അവൻ പഠിച്ച മേഖലയിൽ തന്നെ ജോലി കിട്ടിയാൽ നന്നാകുമെന്നും വിശ്രതൻ കൂട്ടിച്ചേർത്തു. ഭാര്യയുടെ മരണാനന്തരം കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും സഹായിക്കുകയും സഹകരിക്കുകയും ചെയ്തു. എല്ലാവരുടെയും സഹായങ്ങൾക്ക് നന്ദിയുണ്ടെന്നും ബിന്ദുവിൻ്റെ ഭർത്താവ് പറഞ്ഞു.

SCROLL FOR NEXT