KERALA

ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; ഡിസ്ചാർജായത് പുലർച്ചെ നാല് മണിയോടെ

അതേസമയം, മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകർ ജാമ്യം തേടി കോടതിയെ സമീപിക്കും

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കെഎസ്‍യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഡിസ്ചാർജ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് ന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. വ്യാഴാഴ്ച രാത്രിയോടെ ആരോ​ഗ്യനില മെച്ചപ്പെട്ടിരുന്നു.

രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കൽ ബോർഡ്‌ വിലയിരുത്തി. ഇതോടെയാണ് പുലർച്ചെ ഡിസ്ചാർജ് ചെയ്തത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിലായിരുന്നു മന്ത്രിക്ക് ചികിത്സ നടത്തിയിരുന്നത്. തിരുവനന്തപുരത്ത് തുടർ ചികിത്സ നൽകാനാണ് തീരുമാനം. മന്ത്രി പരിയാരത്ത് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഇനി നിരീക്ഷണം തുടരും. കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ അമർന്നുള്ള സമ്മർദ്ദം കാരണമാണ് മന്ത്രിക്ക് വേദന അനുഭവപ്പെട്ടത്. അതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇല്ല. മന്ത്രിക്ക് ശരീരവേദന തുടരുന്നുവെന്നും യാത്ര ചെയ്യാൻ കഴിയില്ല എന്നുമാണ് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയത്.

അതേസമയം, മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകർ ജാമ്യം തേടി കോടതിയെ സമീപിക്കും. കണ്ണൂർ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ നൽകാനാണ് തീരുമാനം.

SCROLL FOR NEXT