തിരുവനന്തപുരം: തിരുവനന്തപുരത്തും ഇടുക്കിയിലും കനത്ത മഴ. വർക്കലയിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് അനുഭവപ്പെടുന്നത്. വിതുര, പൊന്മുടി മേഖലകളിലും ഉൾവനത്തിലും ശക്തമായ മഴ പെയ്യുന്നുണ്ട്. മഴ ശക്തിപ്രാപിച്ചതോടെ വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നു.
സൂര്യകാന്തി പാലം, പൊന്നാം ചുണ്ട് പാലം എന്നിവ മുങ്ങി. വാമനപുരം നദിയുടെ പോഷകനദിയായ മക്കിയാർ കരകവിഞ്ഞു ഒഴുകുകയാണ്. മക്കി, മരുതാമല, പേപ്പാറ , ആനപ്പാറ മേഖലകളിലെ വീടുകൾ വെളളം കയറാൻ സാധ്യതയുള്ളതിനാൽ അധികൃതർ മുന്നറിയിപ്പ് നൽകി.
ഇടുക്കി ഹൈറേഞ്ച് മേഖലയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തുലാവർഷം ശക്തമായതിനെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.