വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ താമരശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, പാറകള്‍ അടര്‍ന്നുവീഴല്‍ എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. ചുരത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് വാഹനങ്ങള്‍ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി പൊലീസിനും നിര്‍ദേശം നല്‍കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എം.എസ്. മാധവിക്കുട്ടിയാണ് ഗതാഗത നിയന്ത്രണ ഉത്തരവിറക്കിയത്.
താമരശേരി ചുരം വഴി ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ലോറികള്‍, ട്രെയിലറുകള്‍, ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം നിരോധിച്ചു. ഇത്തരം വാഹനങ്ങള്‍ കുറ്റ്യാടി ചുരം അല്ലെങ്കില്‍ നാടുകാണി ചുരം വഴി പോകണം. വിനോദസഞ്ചാര വാഹനങ്ങള്‍, അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങള്‍ എന്നിവയ്ക്ക് താമരശേരി ചുരം വഴി വയനാട്ടിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. അതേസമയം, കെഎസ്ആര്‍ടിസി ഉള്‍പ്പെടെ പൊതുഗതാഗത വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, പൊലീസ് വാഹനങ്ങള്‍, അവശ്യദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് നിയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ നിയന്ത്രണം തുടരും.
ചുരത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് വാഹനങ്ങള്‍ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റില്‍ ആവശ്യമായ പൊലീസ് സേനയെ ഉടന്‍ വിന്യസിക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെ ഭാരവാഹനങ്ങള്‍ക്കും വിനോദസഞ്ചാര വാഹനങ്ങള്‍ക്കും പ്രവേശനം പൂര്‍ണമായും തടയണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സജ്ജീകരണങ്ങള്‍ ശക്തമാക്കാന്‍ താമരശേരി ചുരത്തില്‍ നിയോഗിച്ചിട്ടുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ക്ക് നിര്‍ദേം നല്‍കി. മണ്ണിടിച്ചിലോ മറ്റ് തടസങ്ങളോ ഉണ്ടായാല്‍ ഉടന്‍ നീക്കം ചെയ്യുന്നതിനായി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഉപകരണങ്ങള്‍, ജെ.സി.ബി/എക്‌സ്‌കവേറ്ററുകള്‍, മരം മുറിക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവ പ്രധാന ഹെയര്‍പിന്‍ വളവുകളില്‍, പ്രത്യേകിച്ച് ആറ് മുതല്‍ ഒമ്പത് വരെയുള്ള ഹെയര്‍പിന്‍ വളവുകളില്‍ സജ്ജമാക്കണം. പൊതുമരാമത്ത് ദേശീയപാത വിഭാഗം, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഏകോപിപ്പിച്ച് ചുരം മേഖലയില്‍ തുടര്‍ച്ചയായ പട്രോളിങ് നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കോഴിക്കോട്-വയനാട് ജില്ലകള്‍ക്കിടയിലെ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൊതുജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമാണ് ദുരന്തനിവാരണ നിയമം 2005ലെ സെക്ഷന്‍ 30, 34 പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷന്‍ 51, മോട്ടോര്‍ വാഹന നിയമം 1988 ലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ എന്നിവ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.