കോട്ടയത്ത് മകനു പിന്നാലെ അമ്മയുടെ മൃതദേഹവും കണ്ടെത്തി; നോവായി നാലു വയസുകാരന്‍ ആദം, സംസ്ഥാനത്ത് ഇതുവരെ അഞ്ച് മരണം

മുതലപ്പൊഴിയില്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായിട്ടില്ല
റെജീന, ജോസഫിന്‍, ആദം അയ്മന്‍
റെജീന, ജോസഫിന്‍, ആദം അയ്മന്‍
Published on
Updated on

കനത്തമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലുമായി സംസ്ഥാനത്ത് ഇതുവരെ അഞ്ച് മരണം. കോട്ടയം, ഇടുക്കി ജില്ലകളിലായാണ് നാലു പേർ മരിച്ചത്. മലപ്പുറം കൊണ്ടോട്ടിയില്‍ വെള്ളപ്പൊക്കത്തില്‍ നാലു വയസുകാരനും മരിച്ചു. അതേസമയം, കൊല്ലം മുതലപ്പൊഴിയില്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇന്നലെയാണ് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞത്. സംസ്ഥാനത്ത് പലയിടത്തും മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിനൊപ്പം പലയിടത്തും വ്യാപക മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

റെജീന, ജോസഫിന്‍, ആദം അയ്മന്‍
ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി, ക്യാമ്പുകള്‍ തുറന്നു

കോട്ടയം, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടത്ത് ഉണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ അമ്മയും മകനും ഉൾപ്പെടെ രണ്ടു പേരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീനയും മകൻ ജോസഫിനുമാണ് ജീവൻ നഷ്ടമായത്. മണിക്കൂറുകൾ നീണ്ട അതീവ ദുഷ്കരമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയത്. അഞ്ച് ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റുകളും നാല് ജെസിബികളും വിന്യസിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. മഴ തുടരുകയും കൂടുതൽ മണ്ണിടിച്ചിലിന് സാധ്യത നിലനിൽക്കുകയും ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയായിരുന്നു തിരച്ചിൽ.

പുലർച്ചെ ഏഴോടെ ജോസഫിനിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി അഞ്ച് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ റെജീനയുടെ മൃതദേഹവും പുറത്തെടുത്തു. ഉരുൾപൊട്ടലിൽ വീട് പൂർണമായും തകർന്നതും കല്ലും മണ്ണും മൂടിയതും രക്ഷാപ്രവർത്തനത്തെ അതീവ ദുഷ്കരമാക്കി. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ വീട് ഏകദേശം 10 മുതൽ 12 മീറ്റർ വരെ ഒലിച്ചുപോയതായി അധികൃതർ അറിയിച്ചു. വീട് നിലനിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ മൺകൂന മാത്രമാണ് അവശേഷിക്കുന്നത്. അവിടെ ഒരു വീട് ഉണ്ടായിരുന്നുവെന്ന് തിരിച്ചറിയാൻ പോലും കഴിയാത്തവിധം പ്രദേശം തകർന്ന നിലയിലാണ്. ദുരന്തസമയത്ത് റെജീനയും മകൻ ജോസഫിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോണി സമീപത്തെ വയോധികന്റെ വീട്ടിൽ കൂട്ടുകിടക്കാൻ പോയിരുന്നു. മറ്റൊരു മകന്‍ ജോലി സംബന്ധമായി എറണാകുളത്തുമായിരുന്നു.

ഇടുക്കി ജില്ലയിലെ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ സുമതിയുടെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. അടൂർമല സ്വദേശി രവിയുടെ ഭാര്യയായ സുമതിയുടെ മൃതദേഹം വീട് നിലനിന്നിരുന്ന സ്ഥലത്തുനിന്ന് ഏകദേശം 500 അടി താഴെ നിന്നാണ് കണ്ടെത്തിയത്. മലമുകളിൽ നിന്ന് കുത്തിയൊലിച്ചെത്തിയ മണ്ണും പാറക്കല്ലുകളും പ്രദേശത്തെ വ്യാപകമായി തകർത്തു.

വാഗമൺ കോലാഹലമേട്ടിലും മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. കോലാഹലമേട് സ്വദേശി ലീലാമണിയുടെ വീടിന് മുകളിലേക്ക് വലിയ തോതിൽ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്നായിരുന്നു ദുരന്തം. ഒറ്റയ്ക്ക് താമസിക്കുന്ന ലീലാമണിയെ സഹായിക്കാനെത്തിയ കൊച്ചപ്പൻ പ്രഭാകരൻ നായർ (72) വീടിനുള്ളിൽ കുടുങ്ങുകയായിരുന്നു. മണ്ണിടിയുന്ന ശബ്ദം കേട്ട് ലീലാമണി വിളിച്ചെങ്കിലും കേൾവിക്കുറവുള്ളതിനാൽ അദ്ദേഹത്തിന് രക്ഷപ്പെടാനായില്ല.

റെജീന, ജോസഫിന്‍, ആദം അയ്മന്‍
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണത; അതീവ ജാഗ്രതാ നിര്‍ദേശം

മലപ്പുറം കൊണ്ടോട്ടി നീറാട് കൂനയിൽ ഭാഗത്ത് നാലു വയസുകാരന്‍ തോട്ടിലെ ഒഴുക്കിൽപ്പെട്ടാണ് മരിച്ചത്. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം അയ്മന്‍ ആണ് മരിച്ചത്. മഴയെത്തുടർന്ന് തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. രാവിലെ പത്തോടെയാണ് കുട്ടിയുടെ ശരീരം തോട്ടില്‍ കണ്ടത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കാല്‍ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മുതുവല്ലൂർ സ്കൂളിൽ എൽകെജി വിദ്യാർഥിയാണ്.

മുതലപ്പൊഴിയില്‍ മഴയും പ്രതികൂല കാലാവസ്ഥയും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലയും, കടലാക്രമണവുമാണ് തിരച്ചില്‍ ദുഷ്കരമാക്കുന്നത്. ഇന്നലെയാണ് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികള്‍ അപകടത്തില്‍പ്പെട്ടത്. നാലു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടിരുന്നു. ശ്രീജിത്ത്, ശ്രീമോന്‍ എന്നിവരെയാണ് കണ്ടെത്താനുള്ളത്.

News Malayalam 24x7
newsmalayalam.com