തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ശക്തമായ കാറ്റ് വീശിയേക്കും എന്നും മുന്നറിയിപ്പുണ്ട്.
നാളെ മുതൽ മഴയുടെ ശക്തി കുറയും. രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ ആളുകൾക്ക് ദുരന്തനിവാരണ സേന നിർദേശം നൽകി. കോഴിക്കോട് ജില്ലയിലാണ് ഇന്നലെ മഴക്കെടുതികൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ പ്രധാനപ്പെട്ട നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.