KERALA

മുഖ്യമന്ത്രിയെ 48 മണിക്കൂറിനകം തീരുമാനിക്കും? സന്തോഷം നല്‍കുന്ന തീരുമാനം വരുമെന്ന് ഹൈക്കമാന്‍ഡ്

ഈ സാഹചര്യത്തില്‍ തര്‍ക്ക പരിഹാര ഫോര്‍മുല അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് എഐസിസി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി തര്‍ക്കത്തില്‍ ഏറെ വൈകാതെ തീരുമാനമെടുക്കുമെന്ന് ഹൈക്കമാന്‍ഡ്. 48 മണിക്കൂറിനപ്പുറം തര്‍ക്കം നീളില്ലെന്നാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയും സമവായമാവാതെ പിരിഞ്ഞിരുന്നു. അതിനാലാണ് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടത്. സന്തോഷം നല്‍കുന്ന തീരുമാനം വരുമെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചത്.

നേതാക്കളുടെ കടുംപിടുത്തത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത സാഹചര്യമുണ്ടായത്. വി.ഡി. സതീശനും കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ തര്‍ക്ക പരിഹാര ഫോര്‍മുല അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് എഐസിസി.

ശനിയാഴ്ച വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ വിഫലമായി. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലും നേതാക്കള്‍ പരസ്പരം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണയും ഹൈക്കമാന്‍ഡുമായുള്ള അടുപ്പവും കെ.സിയുടെ കരുത്തായി മാറി. ഹൈക്കമാന്‍ഡും കെ.സിയുടെ നിലപാടിനൊപ്പം നിന്നതോടെ ജനപിന്തുണയും ഘടകകക്ഷികളുടെ വിശ്വാസവും തനിക്കൊപ്പമാണെന്ന് സതീശന്‍ വാദിച്ചു.

മുഖ്യമന്ത്രിയല്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ല എന്ന കടുത്ത നിലപാടിലാണ് അദ്ദേഹം. ചര്‍ച്ചയ്ക്കിടെ വി.ഡി. സതീശന്‍ ഉന്നയിച്ച പരാതികള്‍ ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചു. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനം ദുരുപയോഗം ചെയ്ത് കെ.സി വേണുഗോപാല്‍ എംഎല്‍എമാരെ സ്വാധീനിച്ചുവെന്ന് സതീശന്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ തുറന്നടിച്ചു.

മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പടയാളിയായി തുടരുമെന്നും, വേണമെങ്കില്‍ കെ.സിക്കായി തന്റെ പറവൂര്‍ മണ്ഡലം ഒഴിഞ്ഞുനല്‍കാമെന്നുമുള്ള സതീശന്റെ പ്രസ്താവന ചര്‍ച്ചകളില്‍ ചൂടുപിടിപ്പിച്ചു. സീനിയോറിറ്റിയും ഭരണപരിചയവും പരിഗണിക്കണമെന്ന ആവശ്യത്തില്‍ ചെന്നിത്തല ഉറച്ചുനിന്നു. നേതാക്കളുടെ തര്‍ക്കം തെരുവിലേക്ക് പടര്‍ന്നതില്‍ രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും കടുത്ത അതൃപ്തി രേഖപ്പെടുത്തി.. ഇതോടെ തമ്മിലടി അവസാനിപ്പിക്കാതെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കില്ലെന്ന കടുത്ത നിലപാട് രാഹുല്‍ ഗാന്ധി സ്വീകരിച്ചു.

വിഭാഗീയത പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് നേതാക്കളും മാധ്യമങ്ങളെ കാണണമെന്നും അന്തിമ തീരുമാനം ഗാര്‍ഖേയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് എടുക്കുമെന്നും അറിയിച്ചു. മെയ് 23 വരെ സമയമുണ്ടല്ലോ, ഉചിതമായ സമയത്ത് തീരുമാനമെടുക്കും എന്ന ദീപാദാസ് മുന്‍ഷിയുടെ വാക്കുകള്‍ അനിശ്ചിതത്വം നീളുമെന്നതിന്റെ സൂചനയാണ് നല്‍കിയത്.

രാഹുല്‍ ഗാന്ധി നിലപാട് കടുപ്പിച്ചതോടെ വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ആരെയും മോശക്കാരാക്കി വേദനിപ്പിക്കരുതെന്നായിരുന്നു കെ സി വേണുഗോപാലിന്റെ അഭ്യര്‍ഥന. ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

തര്‍ക്കം പരിഹരിക്കാന്‍ വിവിധ ഫോര്‍മുലകള്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്. സതീശന്‍ മുഖ്യമന്ത്രിയായാല്‍ കെ.സി വേണുഗോപാലിനെ എഐസിസി ഉപാധ്യക്ഷനാക്കി ദേശീയ രാഷ്ട്രീയത്തില്‍ നിലനിര്‍ത്തുക. പ്രധാനവകുപ്പുകളില്‍ കെ.സി. വേണുഗോപാല്‍ പറയുന്ന ആളുകള്‍ക്ക് മുന്‍തൂക്കം നല്‍കുക. കെ.സി. മുഖ്യമന്ത്രിയായാല്‍ സതീശനെ ഉപമുഖ്യമന്ത്രിയാക്കുക. എന്നാല്‍ ഈ ഫോര്‍മുല സതീശന്‍ നിരസിച്ചിട്ടുണ്ട്.

വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന നേതാക്കളുടെ ആഹ്വാനം ശിരസാ വഹിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ലക്‌സുകള്‍ നീക്കം ചെയ്ത് തുടങ്ങി. കെപിസിസി പരിസരത്തെ ഫ്‌ലക്‌സ് ബോര്‍ഡുകളും ബാനറുകളും അടക്കം നീക്കം ചെയ്തു.

SCROLL FOR NEXT