KERALA

"ആന്റണി രാജു കക്ഷിക്ക് വേണ്ടി ജോലി ചെയ്തതിനപ്പുറം എന്താണ് കുറ്റകൃത്യം?"; തൊണ്ടിമുതല്‍ തിരിമറി കേസില്‍ നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി

ആന്റണി രാജുവാണ് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയത് എന്നതിന് എന്താണ് തെളിവെന്നും കോടതി ചോദിച്ചു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ തിരിമറി കേസില്‍ പ്രോസിക്യൂഷനോട് നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി. ആന്റണി രാജു കക്ഷിക്ക് വേണ്ടി ജോലി ചെയ്തു എന്നതിനപ്പുറം എന്താണ് കുറ്റകൃത്യമെന്ന് കോടതി. തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി എന്നതിന് എന്താണ് തെളിവെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ ചോദ്യങ്ങളില്‍ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടി. അപ്പീല്‍ ഹൈക്കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

ആരാണ് തൊണ്ടിമുതലില്‍ മാറ്റം വരുത്തിയതെന്ന് വ്യക്തത വരുത്തണം. മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച അടിവസ്ത്രം തിരിച്ചുനല്‍കാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയോ? ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു തൊണ്ടിമുതല്‍ വാങ്ങി നല്‍കിയത് കക്ഷിക്ക് വേണ്ടിയല്ലേ എന്നും കോടതി ചോദിച്ചു.

അഭിഭാഷകന്‍ കക്ഷിക്ക് വേണ്ടി ജോലി ചെയ്തു എന്നതിനപ്പുറം എന്താണ് കുറ്റകൃത്യം? ആന്റണി രാജുവാണ് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയത് എന്നതിന് എന്താണ് തെളിവ്? ആന്റണി രാജു കുറ്റം ചെയ്തുവെന്ന കണ്ടെത്തലിലേക്ക് മജിസ്ട്രേറ്റ് കോടതി എങ്ങനെ എത്തിയെന്നും കോടതി ചോദിച്ചു.

കേസിലെ സാക്ഷിയായി ഓസ്ട്രേലിയന്‍ പൗരനെ വിസ്തരിച്ചോയെന്നും രണ്ട് അടിവസ്ത്രങ്ങളില്‍ ഏതാണ് കൊണ്ടുപോയത്, ഏതാണ് മാറ്റം വരുത്തിയത് എന്നും തിരിച്ചറിഞ്ഞോ എന്നും ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതിയുടെ ചോദ്യങ്ങളില്‍ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടി.

അതേസമയം ആന്റണി രാജുവിന്റെ അപ്പീല്‍ ഹൈക്കോടതി മറ്റന്നാള്‍ പരിഗണിക്കാന്‍ മാറ്റി. തൊണ്ടിമുതല്‍ തിരിമറി കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ വിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ആവശ്യം തിരുവനന്തപുരം സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആന്റണി രാജു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

SCROLL FOR NEXT