കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം നൽകാത്തതിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി. കുറ്റപത്രം നൽകാൻ വൈകുന്നത് കൊണ്ട് പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നു. ഇത് ഗുരുതര വിഷയമാണ്. ഇങ്ങനെയായാൽ പൊതുജനങ്ങൾക്ക് സംശയം ഉണ്ടാകുമെന്നും കോടതി വിമർശിച്ചു. കേസിൽ പൊലീസ് പ്രതി ചേർത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജിയിലെ വാദത്തിനിടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ വിമർശനം.
പ്രതികൾക്ക് എങ്ങനെയാണ് സ്വാഭാവിക ജാമ്യം ലഭിക്കുന്നത്. എല്ലാ പ്രതികളും ഏറെക്കുറെ 90 ദിവസം റിമാൻഡിൽ ആകുന്നു. എന്നാൽ കുറ്റപത്രം നൽകാത്തത് മൂലം പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നു. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
അതേസമയം, കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. പത്മകുമാറിനെ ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാൽ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുന്നോടിയായി പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ ശ്രമം. നേരത്തെ, അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി. കർശന ഉപാധികളോടെയാണ് മുരാരി ബാബുവിന് കോടതി സ്വാഭവിക ജാമ്യം അനുവദിച്ചത്.