കൊച്ചി: ഇടുക്കി ചിന്നക്കനാലിലെ ചക്കക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിൻ്റെ ദൗത്യം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരൻ്റെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചാണ് നടപടി. മാധ്യമശ്രദ്ധയും പ്രശസ്തിയും നേടുന്നതിനായി കോടതിയെ ഉപയോഗിക്കരുതെന്ന് കോടതി രൂക്ഷമായി വിമർശിച്ചു.
ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പ്രിൻസ് ചാക്കോ സമർപ്പിച്ച ഹർജി പരിഗണിച്ചത്. ഹർജിക്കാരൻ്റെ വിശ്വാസ്യത സംശയാസ്പദമാണെന്നും, കോടതി ഇടപെടേണ്ട അടിയന്തര സാഹചര്യമോ പൊതുതാൽപര്യമോ ഇതിലില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ആനയെ മയക്കുവെടി വെക്കുന്നതും പിടികൂടുന്നതും സ്ഥലം മാറ്റുന്നതും ആനയ്ക്ക് പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. ഇതിന് പകരം ആനകളുടെ സഞ്ചാരപഥങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ജനവാസ മേഖലകളിൽ ഇറങ്ങി വ്യാപകമായി നാശനഷ്ടങ്ങളുണ്ടാക്കുന്ന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം. ദൗത്യത്തിൻ്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്. ആവശ്യമെങ്കിൽ മാത്രം ഹൈക്കോടതിയുടെ അനുമതിയോടെ ആനയെ സ്ഥലം മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് വനംമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.