തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ.കെ.ജെ. റീനയെ മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നടപടി ഹൈക്കോടതി റദ്ദാക്കി. ഡോ. മീനാക്ഷി ഡിഎച്ച്എസ് ആയി ചാർജ് എടുത്ത സാഹചര്യത്തിൽ ട്രിബ്യൂണൽ ഇടക്കാല ഉത്തരവിലൂടെ നിയമനം സ്റ്റേ ചെയ്തതിൽ അപാകതയുണ്ടെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
നിയമനം സ്റ്റേ ചെയ്ത ട്രിബ്യ ണൽ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് നടപടി. ഡോ. റീനയുടെ സേവന കാലാവധി തീർന്നതിന് ശേഷവും തുടരാൻ അനുമതി നൽകിയിരുന്നതാണെന്നും സ്ഥലം മാറ്റത്തിൽ അപാകതയില്ലെന്നുമായിരുന്നു സർക്കാർ വാദം.
ആരോഗ്യവകുപ്പിനെ പൊതുമധ്യത്തിൽ മോശമായി ചിത്രീകരിച്ചുവെന്നും വകുപ്പ് മന്ത്രിയുമായുള്ള ആശയവിനിമയം ശരിയായ രീതിയിലായിരുന്നില്ലെന്നുമാണ് സർക്കാർ അപ്പീലിൽ പറഞ്ഞിരുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്ത് ഡോ. റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് നടപടി നീതി ലംഘനമെന്ന് ആയിരുന്നു പരാതിയിൽ റീന ചൂണ്ടിക്കാണിച്ചിരുന്നത്.
ഇതിനെ തുടർന്നായിരുന്നു റീനയുടെ സ്ഥലം മാറ്റിയ ഉത്തരവ് സ്റ്റേ ചെയത് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൻ്റെ ഉത്തരവ് വന്നത്. ഇതിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ട്രിബ്രൂണൽ ഉത്തരവ് വന്നതിന് പിന്നാലെ ഡോ. റീന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെത്തിയെങ്കിലും കസേര വിട്ടുനൽകാൻ താൽക്കാലിക ചുമതല ഏറ്റെടുത്തിരുന്ന ഡോ. മീനാക്ഷി തയ്യാറായിരുന്നില്ല.
ഹൈക്കോടതി തീരുമാനം വരും വരെ ഓഫീസില്‍ എത്തുമെന്നായിരുന്നു ഡോ. റീനയുടെ പ്രതികരണം. ഡോ.മീനാക്ഷി കാര്യങ്ങള്‍ നന്നായി നടത്തുന്നുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവുമില്ലെന്നും ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതികരിച്ചിരുന്നു.