KERALA

എസ്എഫ്ഐ യൂണിയൻ അസാധുവാക്കിയ കേരള വിസിക്ക് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കാലവധി പൂർത്തിയാകും വരെ യൂണിയന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാല എസ്എഫ്ഐയുടെ യൂണിയൻ പ്രവർത്തനം അസാധുവാക്കിയ വിസി മോഹനൻ കുന്നുമ്മലിൻ്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. കാലവധി പൂർത്തിയാകും വരെ യൂണിയന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർവകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരപാടികൾ നടത്താനും കോടതി അനുമതി നൽകി.

ഈ മാസം പത്തിനാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത, കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയായിരുന്നു സമരം. യൂണിയൻ തെരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചു കൊണ്ടായിരുന്നു വിസി സമരത്തെ നേരിട്ടത്. ഇതോടെ നിലവിലെ യൂണിയൻ അസാധു ആകുകയായിരുന്നു.

ഉത്തരവ് വന്നതിന് പിന്നാലെ മോഹനൻ കുന്നുമ്മലിൻ്റെ വീടിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. പിൻവാതിലിലൂടെ വിസിയായ മോഹനൻ കുന്നുമ്മലിന് ജനാധിപത്യം തമാശ ആയിട്ടേ തോന്നൂ. കോടതി ഉത്തരവിനെ സമരവിജയമായി കാണുന്നു എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് ശിവപ്രസാദ് പറഞ്ഞു. ജനാധിപത്യം തമാശ അല്ലെന്ന് കോടതി വിധി തെളിയിച്ചെന്നും ശിവപ്രസാദ് പ്രതികരിച്ചു.

SCROLL FOR NEXT