കൊച്ചി: പരാതി നല്‍കാന്‍ വൈകിയാലും ഗാര്‍ഹിക പീഡനകേസുകള്‍ ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി. വൈവാഹിക ക്രൂരത തുടര്‍ച്ചയായ കുറ്റകൃത്യമാണെന്നും സ്ത്രീകള്‍ പരാതി നല്‍കാന്‍ തീരുമാനിക്കുന്നത് ദീര്‍ഘകാലം ക്രൂരത സഹിച്ചതിന് ശേഷമാണെന്നും കോടതി പറഞ്ഞു.
ദാമ്പത്യ ഐക്യത്തിനായി പീഡനം സഹിക്കാന്‍ സമ്മര്‍ദമുണ്ടായേക്കാം. ഇരയുടെ കഷ്ടപ്പാട് ഒറ്റപ്പെട്ട സംഭവത്തില്‍ അവസാനിക്കുന്നതല്ല. ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുന്നതിലുള്ള സാമൂഹിക അപമാനം, സാമ്പത്തിക ആശ്രയത്വവും കുട്ടികളോടുള്ള ഉത്കണ്ഠ എന്നിവയും കാലതാമസത്തിന് കാരണമാണെന്നും കോടതി പറഞ്ഞു.
സ്ത്രീധന പീഡനം വെറുമൊരു ഗാര്‍ഹിക തര്‍ക്കമല്ല. അത്യാഗ്രഹം, നിര്‍ബന്ധം, ലിംഗാധിഷ്ഠിത അക്രമം എന്നിവയില്‍ വേരൂന്നിയ ഗുരുതരമായ കുറ്റകൃത്യമാണ്. ശാരീരികമായി ഉപദ്രവിക്കുന്നത് അടിച്ചമര്‍ത്തലും അധികാര ദുര്‍വിനിയോഗവുമാണെന്നും കോടതി നിരീക്ഷിച്ചു.