KERALA

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേകസംഘം രൂപികരിക്കണം; മുപ്പത് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

പുനഃപ്രതിഷ്ഠയ്ക്ക് സംഭാവന നൽകിയ ഇരുപത്തിയേഴ് ഭക്തരുടെ മൊഴി രേഖപ്പെടുത്തണം എന്നും കോടതി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരിവ് പുറത്ത്. കൊടിമര പുനഃപ്രതിഷ്ഠയിൽ മുപ്പത് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. പുനഃപ്രതിഷ്ഠയ്ക്ക് ഇരുപത്തിയേഴ് ഭക്തർ സംഭാവന നൽകിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തണം എന്നും കോടതി ഉത്തരവിട്ടു. മഹസർ അടക്കമുള്ള രേഖകൾ പരിശോധിക്കണം. 2017ൽ സ്വർണം പൂശാൻ കസ്റ്റംസിൽ നിന്നും 9.161 കിലോ സ്വർണം വാങ്ങി. ഭക്തർ 412 ഗ്രാം സ്വർണം നൽകി. 9 കിലോ 573 ഗ്രാം സ്വർണമാണ് ശേഖരിച്ചത്. സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ സ്വർണം നൽകിയവരിൽ ഉണ്ട്. ജൂണിൽ സിനിമാ താരം നൽകിയത് 80.490 ഗ്രാം സ്വർണമാണ്. ഇതേമാസം ഒരു പ്രൊഡ്യൂസർ 246.520 ഗ്രാം സ്വർണം നൽകി. എന്നാൽ ഭക്തർ നൽകിയ സ്വർണത്തിന് ക്യത്യമായ രേഖകളില്ലെന്ന് കോടതി പറഞ്ഞു.

ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാ​ഗത്ത് വീഴ്ചയുണ്ട്. എല്ലാ രേഖകളും പരിശോധിക്കണം. പുനഃപ്രതിഷ്ഠയ്ക്ക് ലഭിച്ച സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തണം. ഇത് ദേവസ്വം മാനുവല്‍ അനുസരിച്ച് ആണോ തയ്യാറാക്കിയതെന്ന് പരിശോധിക്കണം. കൊടിമര പ്രതിഷ്ഠക്ക് അനുമതി നൽകിയ മുഴുവൻ രേഖകളും വിജിലൻസിന് കൈമാറണമെന്നും അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി.

കേസിൽ 2017ലെ യുഡിഎഫ് ഭരണകാലത്തുള്ള കൊടിമര പുനഃപ്രതിഷ്ഠ അന്വേഷിക്കാനും സംസ്ഥാന വിജിലൻസ് വിഭാഗത്തിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശം നൽകി. 2017ലെ യുഡിഎഫ് ബോർഡ് നിലനിന്നിരുന്ന കാലത്തെ ഇടപാടുകളാണ് പരിശോധിക്കുക. സിനിമാ താരങ്ങളിൽ നിന്ന് ഉൾപ്പെടെ കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി സ്വീകരിച്ച സംഭാവനയുടെ ഒരു രേഖയും കാണുന്നില്ലെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്. ഇതേ തുടർന്നാണ് വിജിലൻസിനോട് ഇക്കാര്യം പ്രത്യേകമായി അന്വേഷിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുനഃനിർമാണം നടന്നത്. അന്ന് പ്രയാർ ​ഗോപാലകൃഷ്ണൻ ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ്. അജയ് തറയിൽ, സിപിഐഎം പ്രതിനിധിയായ രാഘവൻ എന്നിവരും ബോർഡ് അം​ഗങ്ങളായിരുന്നു. ഈ ഭരണസമിതിയുടെ കാലത്തെ വാജി വാഹന കൈമാറ്റം ഉൾപ്പെടെ വിവാദമായിരുന്നു. പഴയ കൊടിമരത്തിൽ നിന്നും മാറ്റിയ വാജി വാഹനം തന്ത്രി കണ്ഠര് രാജീവർക്കാണ് ബോർഡ് കൈമാറിയത്. സ്വർണക്കൊള്ള വിവാദം ഉയർന്നപ്പോള്‍ വാജി വാഹനം തിരികെ നൽകാമെന്ന് തന്ത്രി മുൻ ബോർഡിനെ അറിയിച്ചെങ്കിലും തിരികെ വാങ്ങാൻ ബോർഡ് തയ്യാറായിരുന്നില്ല.

കൊടിമരം മാറ്റി സ്ഥാപിച്ചത് എസ്ഐടി അന്വേഷണ പരിധിയിൽ വന്നിരുന്നു. തന്ത്രിയുടെ വീട്ടിൽ നിന്നും പഴയ കൊടിമരത്തിൽ ഉണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിലെടുത്ത് കോടതിയിൽ നൽകിയതോടെയാണ് അന്വേഷണം കൊടിമരം മാറ്റിയതിലേക്ക് നീങ്ങിയത്. അന്ന് കൊടിമരം മാറ്റുമ്പോഴുണ്ടായിരുന്ന ഉദ്യോഗസ്ഥരെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. 1998 മുതൽ 2025 വരെയുള്ള കാലഘട്ടങ്ങളിൽ നടന്ന കാര്യങ്ങള്‍ നാല് ഘട്ടമായി അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ അന്നത്തെ നിർദേശം.

SCROLL FOR NEXT