Sabarimala Temple

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഹൈക്കോടതി; അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക്

വിജിലൻസിനോട് ഇക്കാര്യം പ്രത്യേകമായി അന്വേഷിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
Published on

കൊച്ചി: കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 2017ലെ യുഡിഎഫ് ഭരണകാലത്തുള്ള കൊടിമര പുനഃപ്രതിഷ്ഠ അന്വേഷിക്കാൻ സംസ്ഥാന വിജിലൻസ് വിഭാഗത്തിന് നിർദേശം നൽകി ഹൈക്കോടതി ദേവസ്വം ബെഞ്ച്. 2017ലെ യുഡിഎഫ് ബോർഡ് നിലനിന്നിരുന്ന കാലത്തെ ഇടപാടുകളാണ് പരിശോധിക്കുക.

സിനിമാ താരങ്ങളിൽ നിന്ന് ഉൾപ്പെടെ കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി സ്വീകരിച്ച സംഭാവനയുടെ ഒരു രേഖയും കാണുന്നില്ലെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്. ഇതേ തുടർന്നാണ് വിജിലൻസിനോട് ഇക്കാര്യം പ്രത്യേകമായി അന്വേഷിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുനഃനിർമാണം നടന്നത്. അന്ന് പ്രയാർ ​ഗോപാലകൃഷ്ണൻ ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ്. അജയ് തറയിൽ, സിപിഐഎം പ്രതിനിധിയായ രാഘവൻ എന്നിവരും ബോർഡ് അം​ഗങ്ങളായിരുന്നു. ഈ ഭരണസമിതിയുടെ കാലത്തെ വാജി വാഹന കൈമാറ്റം ഉൾപ്പെടെ വിവാദമായിരുന്നു.

കൊടിമരം മാറ്റി സ്ഥാപിച്ചത് എസ്ഐടി അന്വേഷണ പരിധിയിൽ വന്നിരുന്നു. തന്ത്രിയുടെ വീട്ടിൽ നിന്നും പഴയ കൊടിമരത്തിൽ ഉണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിലെടുത്ത് കോടതിയിൽ നൽകിയതോടെയാണ് അന്വേഷണം കൊടിമരം മാറ്റിയതിലേക്ക് നീങ്ങിയത്. അന്ന് കൊടിമരം മാറ്റുമ്പോഴുണ്ടായിരുന്ന ഉദ്യോഗസ്ഥരെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. 1998 മുതൽ 2025 വരെയുള്ള കാലഘട്ടങ്ങളിൽ നടന്ന കാര്യങ്ങള്‍ നാല് ഘട്ടമായി അന്വേഷിക്കണമെന്നായിരുന്നു അന്നത്തെ ഹൈക്കോടതിയുടെ നിർദേശം.

2017ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻ്റായ ഭരണസമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. പഴയ കൊടിമരത്തിൽ നിന്നും മാറ്റിയ വാജി വാഹനം തന്ത്രി കണ്ഠര് രാജീവർക്കാണ് ബോർഡ് കൈമാറിയത്. സ്വർണക്കൊള്ള വിവാദം ഉയർന്നപ്പോള്‍ വാജി വാഹനം തിരികെ നൽകാമെന്ന് തന്ത്രി മുൻ ബോർഡിനെ അറിയിച്ചെങ്കിലും തിരികെ വാങ്ങാൻ ബോർഡ് തയ്യാറായിരുന്നില്ല.

Sabarimala Temple
ശബരിമല സ്വർണക്കൊള്ള: രാഷ്ട്രീയക്കാർക്കതിരെ ആരോപണങ്ങൾ ഉണ്ടാകുന്നത് പുതിയ കാര്യമല്ലെന്ന് ആൻ്റോ ആൻ്റണി

അതേസമയം, ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിൽ വിശദമായ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന് മുന്നിൽ സമർപ്പിച്ചിരുന്നു. കേസ് അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കുറ്റപത്രം തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ (വിഎസ്എസ്‌സി) നടത്തിയ രണ്ടാമത്തെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടും കോടതിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ, ആദ്യ റിപ്പോർട്ടിലെ അവ്യക്തതകൾ പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും ഇതിലും ചില അവ്യക്തതകൾ നിലനിൽക്കുന്നതായി സൂചനയുണ്ട്.

വിഎസ്എസ്‌സി റിപ്പോർട്ടിലെ അവ്യക്തതകൾ കാരണം സ്വർണത്തിൻ്റെ അളവ് കൃത്യമായി തിട്ടപ്പെടുത്താൻ ഇനി മുംബൈയിലെ ബാബ അറ്റോമിക് റിസർച്ച് സെൻ്ററിൽ (BARC) പരിശോധന നടത്താൻ തീരുമാനിച്ചതായും ഫെബ്രുവരി 12ന് സാംപിളുകൾ ശേഖരിക്കുമെന്നും റിപ്പോർട്ടുണ്ട്. ദ്വാരപാലക ശിൽപ്പത്തിലേയും കട്ടിളയിലേയും സ്വർണപ്പാളികളിൽ നിന്ന് ഏകദേശം 989 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു എന്നാണ് പ്രതികൾ അവകാശപ്പെട്ടതെങ്കിലും, ഒരു കിലോയ്ക്ക് മുകളിൽ സ്വർണം നഷ്ടപ്പെട്ടിരിക്കാമെന്നാണ് എസ്ഐടിയുടെ നിഗമനം.

ഇതുവരെ എട്ടോളം റിപ്പോർട്ടുകളാണ് കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ഇന്ന് കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും സാധ്യതയുണ്ട്. അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കണമോ എന്നതിനെക്കുറിച്ച് കോടതിയുടെ നിരീക്ഷണങ്ങൾ നിർണായകമാകും.

Sabarimala Temple
ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു
News Malayalam 24x7
newsmalayalam.com