KERALA

ജീവനെടുക്കുന്ന പലിശക്കെണി; കൊലവെറി തീരാതെ ലോൺ ആപ്പുകൾ

പണത്തിന് അത്യാവശ്യം വരുമ്പോൾ വെറും 10 മിനിറ്റ് കൊണ്ട് ഫണ്ട് കയ്യിലെത്തും എന്നറിഞ്ഞാണ് പലരും ലോൺ ആപ്പുകളിലെത്തുക

Author : ശാലിനി രഘുനന്ദനൻ

അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ളവർ പോലും പെട്ടെന്നൊരാവശ്യം വന്നാൽ എമർജൻസി ലോണുകളേയോ മറ്റോ ആശ്രയിക്കുന്നത് സ്വാഭാവികമാണ്. അപ്പോൾ പിന്നെ സാമ്പത്തികമായി പിറകിൽ നിൽക്കുന്നവരുടെ കാര്യം പറയാനില്ല. ദൈംദിന കാര്യങ്ങൾ, പിൽക്കാലത്തേക്കുള്ള വലിയ ആവശ്യങ്ങൾ എന്നിവ മുന്നിൽക്കണ്ട് പ്രവർത്തിച്ചാലും അപ്രതീക്ഷിതമായി വരുന്ന ചിലവുകൾ ആളുകളെ കടബാധ്യതയിലാഴ്ത്തും. മുൻകാലങ്ങളിൽ ചെറിയ കൈവായ്പകളും പലിശയ്‌ക്കെടുപ്പും, സ്വർണപ്പണയവുമാണ് എങ്കിൽ ഇപ്പോൾ ജോലി ലോൺ ആപ്പുകളാണ് കൂടുതലും. വലിയ നടപടിക്രമങ്ങൾ ഇല്ലാതെ സ്വന്തം സ്മാർട്ട് ഫോണിലൂടെ തന്നെ അത്യാവശ്യമുള്ള പണം നേടാം എന്ന സൗകര്യമാണ് ആളുകളെ ഇത്തരം ആപ്പുകളിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയതിനു പിന്നാലെ വായ്പ ആപ്പിന് എതിരെ കേസ് എടുത്തതോടെ ഒരിടവേളയ്ക്കു ശേഷം വീണ്ടും ലോൺ ആപ്പുകളുടെ കൊലവെറിയും പലിശക്കെണിയും ചർച്ചയാകുകയാണ്.

കാര്യമായ പേപ്പർ വർക്കുകളോ അന്വേഷണമോ ഇല്ലാതെ കാലതാമസമില്ലാതെ തുക കയ്യിൽ കിട്ടുനന്തുകൊണ്ടു തന്നെ അത്യാവശ്യത്തിന് ലോൺ ആപ്പുകളെ ആശ്രയിക്കുന്ന നിരവധിപ്പേരുണ്ട്. എന്നാൽ എളുപ്പത്തിൽ വായ്പ ലഭിക്കും എന്ന ആശ്വാസം അധികകാലം നിലനിൽക്കുന്നില്ല എന്നാണ് സമീപകാലത്തെ വാർത്തകൾ ചൂണ്ടിക്കാട്ടുന്നത്. തവണ മുടങ്ങിയാൽ ഫോണിലെ കോൺടാക്റ്റുകൾ, ഗാലറിയിലെ ചിത്രങ്ങൾ തുടങ്ങിയവയിലേക്കുള്ള ആക്സസ് ഉപയോഗിച്ച് വായ്പയെടുത്തയാളുടെ ജീവിതം ഇല്ലാത്താക്കുന്ന പ്രവൃത്തികളാണ് പലപ്പോഴും പല ആപ്പുകളും ചെയ്തിട്ടുള്ളത്. എടുത്ത തുകയുടെ ഇരട്ടിയിലധികം അടച്ചാലും തവണ മുടങ്ങിയാൽ ഭീഷണികളും, മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കലും തുടങ്ങി ഇടപാടുകാരന്റെ ജീവനെടുക്കുന്ന സ്ഥിതിയിലേക്ക് എത്തുന്ന ലോൺ ആപ്പുകളുടെ ക്രൂരമുഖം പല തവണ ചർച്ചയായിട്ടുണ്ട്. അതിനെല്ലാം ചില ജീവനുകളും നഷ്ടമായിട്ടുണ്ട്.

പണത്തിന് അത്യാവശ്യമുള്ളപ്പോൾ 10 മിനിറ്റ് കൊണ്ട് ഫണ്ട് കയ്യിലെത്തും എന്നറിഞ്ഞാണ് പലരും ലോൺ ആപ്പുകളിലെത്തുക. കുറഞ്ഞ പലിശ, ഇൻസ്റ്റന്റ് അപ്രൂവൽ തുടങ്ങിയ പ്രലോഭനങ്ങളും അതോടൊപ്പം അത്യാവശ്യക്കാരന് ചിന്തിക്കാനുള്ള സമയമില്ലാത്ത സ്ഥിതി കൂടി ചേരുമ്പോൾ ആപ്പുകൾക്ക് കൂടുതൽ എളുപ്പമാകും കാര്യങ്ങൾ. വായ്പാ ആപ്പുകളുമായി ബന്ധപ്പെട്ട് ആളുകൾ ജീവനൊടുക്കിയ കേസുകൾ നിരവധിയാണ്. അടുത്തിടെ കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയതിനു പിന്നിലും ലോൺ ആപ്പിന്റെ സ്വാധീനം ഉണ്ടെന്നാണ് പറയുന്നത്. നിതിൻ ലോണെടുത്ത ആപ്പിൽ റഫറൻസ് നൽകിയത് ടീച്ചറുടെ നമ്പറാണെന്നും അടവ് മുടങ്ങിയതോടെ അതുമായി ബന്ധപ്പെട്ട് ഉയർന്ന വിചാരണകൾ മരണത്തിലേയക്ക് നയിച്ചതായും റിപ്പോർട്ടുകളുണ്ട്.15000 രൂപ ലോണെടുത്ത നിതിൻ 30000 ൽ അധികം അടച്ചതായും പറയുന്നുണ്ട്.

പെട്ടൊരു ദിനം വരുന്ന ഭീഷണിയോടെ മാത്രമല്ലാ ലോൺ ആപ്പുകളുടെ കെണി മുറുകുന്നത്. അത് നിങ്ങൾ വായ്പ എടുക്കുന്നതോടെ തന്നെ തുടങ്ങും. വായ്പ്പയ്ക്കായി നമ്മുടെ ഫോണിലെ ഡാറ്റയിലേക്ക് ആക്സസ് നൽകുന്നത് മുതൽ നമ്മൾ അവരുടെ നിയന്ത്രണത്തിലാകുന്നു. പിന്നീട് തിരിച്ചടവുകളിലെ കണക്കുകൾ എടുത്താലും പൊരുത്തക്കേടുകൾ മനസിലാകും. ഒരു തവണ മുടങ്ങുന്നതോടെയാണ് മിക്കവാറും കേസുകളിൽ ആപ്പുകളുടെ തനിനിറം പുറത്ത് വരിക. എന്നാൽ കണക്കെടുത്താൽ എടുത്തതും പലിശയും ഉൾപ്പെടെ നല്ലൊരു തുക അതിനോടകം അടച്ചുകാണും. പിന്നെ എവിടെയാണ് പാളിപ്പോകുന്നത്?

പ്രൊസസിങ് ഫീസ്, ഇൻഷുറൻസ്, ഫയൽ ചാർജുകൾ തുടങ്ങിയ ആവശ്യങ്ങൾ ലോൺ ആപ്പുകൾ ഉയർത്തുന്നിടം മുതൽ തുടങ്ങുകയാണ് അധികമായ പണം ഈടാക്കൽ. പലപ്പോഴും ഈ ഫീസുകൾ വായ്പയ്ക്ക് അപേക്ഷിക്കുന്ന തന്നെ ചോദിച്ചാൽ തട്ടിപ്പ് അവിടെ മുതൽ തുടങ്ങിയെന്ന് കൂട്ടാം. ഉദാഹരണത്തിന് 5000 രൂപ കടമെടുത്താൽ 3,500 രൂപ മുതൽ 4,000 രൂപ വരെയാകും വായ്പയിനത്തിൽ അക്കൗണ്ടിൽ ലഭിക്കുക. ഇനി തിരിച്ചടവിന് ലഭിക്കുന്ന കാലാവധി വളരെ കുറവായിരിക്കും. ഇനി പലപ്പോഴും തിരിച്ചടവിൽ ദിനം പ്രതി പലിശ വർധിക്കുന്നതായി കാണാം. ഒരു തവണ മുടക്കിയാലോ അത് ഇരട്ടിയോ ഇരട്ടിയുടെ ഇരട്ടിയോ ആയേക്കും.

ബാധ്യത തീർക്കാൻ നൽകിയ സമയപരിധി അവസാനിക്കുമ്പോൾ 5000 രൂപയ്ക്ക് 3500 രൂപ തന്ന് 10000 രൂപ അടച്ച് കാണും. എന്നാൽ അതിനിടയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വീഴ്ച ചൂണ്ടിക്കാട്ടി ആപ്പുകൾ കൂടുതൽ പണം ഈടാക്കാൻ ശ്രമിക്കും. അവിടെയാണ് കഥമാറുന്നത്. വഴങ്ങിയില്ലെങ്കിൽ ഭീഷണി കോളുകൾ, ഫോണിൽ നിന്ന് ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിക്കൽ, കോൺടാക്റ്റ് ലിസ്റ്റിലുളളവർക്ക് സന്ദേശങ്ങൾ അയക്കുകയും കോളുകളും ചെയ്യുകയും തുടങ്ങി വായ്പയെടുത്ത ആളെ പ്രതിസന്ധിയിലാഴ്ത്തുന്ന പലതും ചെയ്യും. ഭീഷണിയും നാണക്കേടും ഓർത്ത് പലരും പരാതിപ്പെടാതെ പണം നൽകും അല്ലെങ്കിൽ ജീവനൊടുക്കും.

സാധാരണയായി ലോൺ ആപ്പുകളിൽ പ്രതിമാസം 1.5% മുതൽ 3.8% വരെ (പ്രതിവർഷം ഏകദേശം 18% മുതൽ 45% വരെ) പലിശ നിരക്ക് ഈടാക്കുന്നു. എങ്കിലും, പല അനധികൃത ആപ്പുകളും 100 ശതമാനത്തിലധികം വാർഷിക പലിശയും മറഞ്ഞിരിക്കുന്ന പ്രൊസസിങ് ചാർജുകളും ഈടാക്കുന്നുണ്ട്. വായ്പ തുകയുടെ ചെറിയൊരു ഭാഗം മാത്രം അക്കൗണ്ടിൽ ലഭിക്കുകയും ഭീമമായ തുക തിരിച്ചടയ്ക്കേണ്ടിയും വരാറുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് വായ്പ ആപ്പ് സംഘം തട്ടിയത് 70 കോടിയെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇരയാകുന്നവരിൽ അഞ്ചിൽ ഒന്നും വീട്ടമ്മമാരാണെന്നും പരാതിപ്പെടുന്നവർ കേസുമായി മുന്നോട്ടുപോകുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുമാണ് കൂടുതൽ പരാതികൾ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്നത്. പലയിടത്തും ജീവനൊടുക്കിയ ആളുകളുടെ കുടുംബത്തെ വരെ ലോൺ ആപ്പുകൾ വേട്ടയാടുന്നതായി വാർത്തകൾ വന്നിരുന്നു.

കടം വാങ്ങിയതുകൊണ്ട് ഒരാൾക്കും ഒരാളെയും ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്തുവാനോ ഈ നാട്ടിലെ നിയമം അനുവദിക്കുന്നില്ല. ഈ യാഥാർഥ്യം ആളുകൾ തിരിച്ചറിയുക എന്നതാണ് ഈ പ്രതിസന്ധിയെ മറികടക്കാൻ ഏറ്റവും അത്യാവശ്യം. അതുപോലെ തന്നെ അംഗീകൃതമായ സംവിധാനങ്ങളെ മാത്രം സാമ്പത്തിക ഇടപാടുകൾക്കായി ആശ്രയിക്കേണ്ടതാണ്. വ്യാജ ലോണ്‍ ആപ്പുകളുടെ കെണിയില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് ആർബിഐ രൂപം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗ നിർദേശങ്ങളും ആർബിഐ പുറത്തിറക്കിയിരിക്കുന്നു. ആർബിഐയുടെ അംഗീകാരമുള്ള ഇന്ത്യയിലെ മികച്ച ലോൺ ആപ്പുകളുടെ പട്ടിക ലഭ്യമാണ്. അതുൾപ്പെടെ പരിശോധിച്ച്. വ്യവസ്ഥകളും നിബന്ധനകളും അനുയോജ്യമെന്ന് തോന്നുന്ന സ്ഥാപനം തെരഞ്ഞെടുക്കാവുന്നതാണ്.  

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;

  • ഇത്തരം കടക്കെണികൾ നിയമപരമായി നിങ്ങൾക്ക് നേരിടാവുന്നതാണ് എന്നറിയുക

  • പണം നൽകാനുളളതിന്റെ പേരിൽ ഒരാളെയും ശാരീരികമായോ മാനസികമായോ പീഡിപ്പിക്കാനാകില്ല

  • ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്‍റെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റിൻ്റെ https://cybercrime.gov.in/ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം

  • അല്ലെങ്കിൽ സംസ്ഥാന സൈബർ ക്രൈം പൊലീസിൽ നേരിട്ട് നൽകുകയോ ചെയ്യാം

  • ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് സംശയം തോന്നിയാൽ പിന്നീട് ഒരു കാരണവശാലും പണം നൽകരുത്.

  • സാമ്പത്തിക പ്രശ്നങ്ങൾ ആർക്കും ഉണ്ടാകാം അതുകൊണ്ട് പുറത്തറിയും എന്ന് നാണക്കേട് തോന്നേണ്ടതില്ല

  • അംഗീകൃത ധനകാര്യ സംവിധാനങ്ങളെ മാത്രം വായ്പകൾക്ക് ആശ്രയിക്കുക

  • ആപ്പുകൾ ഉപയോഗിച്ചാൽ ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക

  • ആപ്പിൻ്റെ നിബന്ധനകളും വ്യവസ്ഥകളും , പലിശ നിരക്കുകളും, തിരിച്ചടവുമായി ബന്ധപ്പെട്ട വിവരങ്ങളും മനസിലാക്കിയ ശേഷം മാത്രം ലോൺ എടുക്കുക

  • ലോൺ ആപ്പുകളുടെ തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികൾ കേരള പോലീസിൻ്റെ 9497980900 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ അറിയിക്കാം

SCROLL FOR NEXT