ആലപ്പുഴ: കിഴക്കിൻ്റെ വെനീസിൽ ഹൈടെക് വഴിയിലൂടെ കൃഷിയില്‍ പൊന്നുവിളയിക്കുന്ന യുവ കർഷകനാണ് സുജിത്ത്. മികച്ച യുവകർഷകനുള്ള സംസ്ഥാന അവാർഡിനൊപ്പം നിരവധി പുരസ്‌കാരങ്ങളാണ് കഞ്ഞിക്കുഴി സുജിത്തിനെ തേടിയെത്തിയിട്ടുള്ളത്. പരാജയങ്ങളിൽ നിന്നും കൃഷിയിലൂടെയാണ് സുജിത്ത് വിജയം കണ്ടെത്തിത്. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ബിസിനസുകളെല്ലാം പരാജയപ്പെട്ടതിന് പിന്നാലെയാണ് സുജിത്ത് പച്ചക്കറി കൃഷിയിലേക്കിറങ്ങിയത്.
കൃഷിയാണ് ഈ നാടിൻ്റെ ജീവിതമെന്ന മുതിർന്ന കർഷകരുടെ വാക്കാണ് സുജിത്തിന് കാർഷികരംഗത്ത് പ്രചോദനമായത്. അങ്ങനെ 2012-13 കാലഘട്ടത്തില്‍ ആരംഭിച്ച കാർഷിക ജീവിതം സുജിത്തിൻ്റെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു.
ഇങ്ങനെ പച്ചക്കറി കൃഷിയിൽ നിരന്തരം വിജയിച്ചു നിൽക്കണമെങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് സുജിത്ത് പറഞ്ഞു. യുവാക്കൾക്ക് മികച്ച അവസരങ്ങളാണ് കാർഷിക മേഖലയിലുള്ളത്. വിദേശ രാജ്യങ്ങളിലും കാർഷിക മേഖലയിൽ ഉള്ള തൊഴിൽ സാധ്യത വിദൂരമല്ലെന്നും സുജിത്ത് പറഞ്ഞു.
ആദ്യകാലത്ത് 50 സെൻ്റിലാണ് കൃഷി തുടങ്ങിയതെങ്കിൽ, ഇപ്പോൾ വിവിധ പഞ്ചായത്തുകളിലായി 30 ഏക്കറിലധികം സ്ഥലത്താണ് സുജിത്ത് കൃഷിയിറക്കുന്നത്. 13 കുടുംബങ്ങളിലെ സ്ത്രീകൾ സുജിത്തിൻ്റെ ഫാമിൽ സ്ഥിര വരുമാനക്കാരാണ്. ഒപ്പം 'വെറൈറ്റി ഫാർമർ' എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ കൃഷിവിശേഷങ്ങള്‍ ലോകത്തിനുമുന്നില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്.