KERALA

എച്ച്എൽഎല്ലിൻ്റെ 'ഏകത്വ' സിഎസ്ആർ പദ്ധതി: ട്രാൻസ്‌ജെൻഡർ ദിനത്തിൽ നൈപുണ്യ വികസന പരിപാടികൾക്ക് തുടക്കമായി

ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സാമ്പത്തിക സ്വാതന്ത്ര്യവും മാനസികാരോഗ്യ പിന്തുണയും ഉറപ്പാക്കുന്ന പദ്ധതിയാണിത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിൻ്റെ 'ഏകത്വ' പദ്ധതിയുടെ ഭാഗമായി പുതിയ നൈപുണ്യ പരിശീലന പരിപാടികൾക്ക് തുടക്കമിട്ടു. ട്രാൻസ്‌ജെൻഡർ ഡേ ഓഫ് റിമംബറൻസ് ദിനത്തിലാണ് പുതിയ പരിപാടികൾക്ക് തുടക്കമിട്ടത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സാമ്പത്തിക സ്വാതന്ത്ര്യവും മാനസികാരോഗ്യ പിന്തുണയും ഉറപ്പാക്കുന്ന പദ്ധതിയാണിത്. ട്രാൻസ്‌ജെൻഡർ ഡേ ഓഫ് റിമംബറൻസിൻ്റെ ഭാഗമായി, 'ഏകത്വ' പദ്ധതിയിൽ ഉൾപ്പെട്ട അംഗങ്ങൾ മ്യൂസിയം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുകയും കാപ്പിനസ് മെൻ്റൽ ഹെൽത്ത് കഫേയിൽ മാനസികാരോഗ്യ സംബന്ധിയായ സെഷൻ നടത്തുകയും ചെയ്തു. എറണാകുളത്തും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎല്ലിൻ്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായാണ് 'ഏകത്വ' പദ്ധതി നടപ്പിലാക്കുന്നത്. എച്ച്എൽഎൽ മാനേജ്‌മെൻ്റ് അക്കാദമി, നദി ഫൗണ്ടേഷൻ, ശാരദാ മിഷൻ എന്നിവരുമായി സഹകരിച്ചാണ് എച്ച്എൽഎൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ തൊഴിൽ നൈപുണ്യ പരിശീലനം, സംരംഭകത്വ പിന്തുണ, മാനസികാരോഗ്യ ഇടപെടലുകൾ എന്നീ സേവനങ്ങളാണ് നൽകുന്നത്.

സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി ഒട്ടേറെ നൈപുണ്യ പരിശീലന പദ്ധതികളാണ് 'ഏകത്വ'യിലൂടെ ആവിഷ്‌കരിച്ചിട്ടുള്ളത്. നൈപുണ്യ വികസനം ലക്ഷ്യമിട്ട് തിരുവനന്തപുരത്ത് ഡ്രൈവിങ് ക്ലാസുകളും എറണാകുളത്ത് പ്രൊഫഷണൽ ബ്യൂട്ടീഷ്യൻ കോഴ്സുകളും നടത്തും. കൂടാതെ, ശാരദാ മിഷൻ്റെ നേതൃത്വത്തിൽ ക്രാഫ്റ്റ് വർക്ക്‌ഷോപ്പുകളും ക്ലാസിക്കൽ ഡാൻസ് പരിശീലനവും പദ്ധതിയുടെ ഭാഗമായി നൽകും. ഈ പരിശീലനം കേരളത്തിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് മെച്ചപ്പെട്ട ഉപജീവനമാർ​ഗവും മാനസികാരോഗ്യവും ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്നു. പരിസ്ഥിതി, വിദ്യാഭ്യാസം, സാമൂഹിക വികസനം എന്നിവ അടിസ്ഥാനമാക്കിയുള്ള 'തിങ്കൾ' (ആർത്തവ കപ്പ് വിതരണവും അവബോധവും), 'പ്രതീക്ഷ സ്കോളർഷിപ്പ്', 'സ്വസ്ഥ്യ' അനീമിയ നിയന്ത്രണ പരിപാടി എന്നിവ ഉൾപ്പെടെ വിപുലമായ സിഎസ്ആർ പ്രവർത്തനങ്ങളാണ് എച്ച്എൽഎൽ നടത്തിവരുന്നത്.

SCROLL FOR NEXT