KERALA

ചുവന്ന കൊടി പിടിച്ചാൽ കമ്മ്യൂണിസ്റ്റ് ആകില്ല, പാർട്ടിക്കെതിര താൻ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല: ജി. സുധാകരൻ

പാർട്ടി നയത്തിന് എതിരായി പ്രവർത്തിക്കുന്ന നേതാക്കൾക്കെതിരെയാണ് താൻ പ്രവർത്തിക്കുന്നത് എന്നും ജി. സുധാകരൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: സിപിഐഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ വിമർശനങ്ങളുമായി അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. ചുവന്ന കൊടി പിടിച്ചത് കൊണ്ട് കമ്മ്യൂണിസ്റ്റ് ആകില്ലെന്നും പാർട്ടിക്കെതിരെ ഒരക്ഷരം താൻ പോലും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. വർഗ വഞ്ചകൻ ആണെന്ന് പലരും തന്നെ വിളിച്ചു. വർഗത്തിൻ്റെ അർഥം പോലും അറിയാത്തവരാണ് തന്നെ അങ്ങനെ വിളിക്കുന്നത്. അവരാണ് ഈ പാർട്ടിയെ കുഴിയിറക്കി കൊണ്ടിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

താൻ ഇവിടുത്തെ സ്വതന്ത്ര സ്ഥാനാർഥിയാണെന്നും, തനിക്ക് സൈബർ സേന ഇല്ലെന്നും സുധാകരൻ പറഞ്ഞു. താൻ ആരെ കൊണ്ടും ആരെയും ചീത്ത വിളിപ്പിച്ചിട്ടില്ല. എന്നെ കൈകാര്യം ചെയ്യുമെന് ജില്ലാ സെക്രട്ടറി പറഞ്ഞു. അത്ര വലിയ പ്രകടനമാണോ നാളെ നടക്കുന്നത് എന്നും സുധാകരൻ ചോദിച്ചു. പാർട്ടി നയത്തിന് എതിരായി പ്രവർത്തിക്കുന്ന നേതാക്കൾക്കെതിരെയാണ് താൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ സെക്രട്ടറിയും എച്ച്. സലാമാണ് തനിക്ക് എതിരെയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരമായ കാര്യങ്ങൾ ഉന്നയിക്കുമ്പോൾ എന്നെ നേരിടും എന്നാണ് പറയുന്നത്. തൻ്റെ രോഗം നേരത്തെ അറിയാമായിരുന്നു എന്നിങ്ങനെയായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന. സലാം, നാസർ, സജി ചെറിയാൻ എന്നിവരെ കമ്മ്യൂണിസ്റ്റായി അംഗീകരിക്കുന്നില്ല. ഇവിടുത്തെ പാർട്ടി എന്ന് പറഞ്ഞാൽ ഇവരാണ്. രക്തസാക്ഷിയുടെ പാർട്ടിയാണ് ഇത്. ഭുവനേശ്വരൻ്റെ കാര്യം ആരും പറയേണ്ടെന്നും അത് തൻ്റെ കുടുംബത്തിൻ്റെ കാര്യമാണ് എന്നും സുധാകരൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന വിവരം സുധാകരൻ പുറത്തുവിട്ടത്. ചുവര് എഴുതില്ലെന്നും, മണ്ഡലത്തിൽ അല്ലാതെ എവിടെയും പ്രസംഗിക്കാൻ പോകില്ലെന്നും സുധാകരൻ പറഞ്ഞു. അധികാര കൊതി ആണെന്ന ആരോപണത്തിന് മറുപടി, പാർട്ടിക്കാർ മത്സരിക്കുന്നത് കാശിക്കുപോകാൻ ആണോ, സന്യസിക്കാൻ ആണോ എന്നായിരുന്നു ജി. സുധാകരൻ്റെ മറുപടി.

SCROLL FOR NEXT