എറണാകുളം: രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ കുത്തനെയുള്ള വിലവർധന ഹോട്ടലുകളെ കാര്യമായി തന്നെ ബാധിച്ചേക്കുമെന്ന് സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് അസീസ് മൂസ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഭക്ഷണത്തിന് വില വർധിപ്പിക്കേണ്ടിവരും. ചായ മുതൽ എല്ലാത്തിനും വില വർധിക്കുമെന്നും വിലകൂട്ടുക അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും അസീസ് മൂസ പറഞ്ഞു. പോക്കറ്റ് കാലിയാകാതിരിക്കാൻ ജനങ്ങൾ വില വിവര പട്ടികനോക്കി ഭക്ഷണം കഴിക്കണമെന്നും അസീസ് മൂസ വ്യക്തമാക്കി.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വാണിജ്യ സിലിണ്ടറിന്റെ വില ഇന്ന് കുത്തനെ ഉയർത്തിയിരുന്നു. 19 കിലോ സിലണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് കൂട്ടിയത്. ഇതോടെ ഇനി ഒരു സിലിണ്ടറിന് 3071 രൂപ 50 പൈസ നൽകേണ്ടി വരും. നേരത്തെ 2078 രൂപയായിരുന്നു 19 കിലോ സിലണ്ടറിന് നൽകേണ്ടിയിരുന്നത്. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകളുടെ വിലയും ഉയരും. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില മൂന്നു തവണ വർധിപ്പിച്ചിരുന്നു. മാർച്ചിൽ 144 രൂപയും തുടർന്ന് ഏപ്രിൽ 1ന് ഏകദേശം 200 രൂപയുമാണ് വർധിപ്പിച്ചത്. എൽപിജി ലഭ്യതക്കുറവിനെ തുടർന്ന് വാണിജ്യ എൽപിജിയുടെ വിതരണത്തിനും നിയന്ത്രണമുണ്ട്. ഇതിനിടയിലാണ് വില വർധന കൂടി വന്നിരിക്കുന്നത്.