KERALA

പുതുജീവിതത്തിലേക്ക്... വയനാട് ദുരന്തബാധിതർക്കായി ലീഗിൻ്റെ സ്നേഹഭവനം, ഗൃഹപ്രവേശനം നടത്തി 51 കുടുംബങ്ങൾ

മേപ്പാടി പഞ്ചായത്തിലെ വെള്ളിത്തോടിലാണ് ദുരന്തബാധിതർക്കായി വീടുകൾ നിർമ്മിച്ചു നൽകിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിച്ച വീടുകൾ യാഥാർഥ്യമായി. ലീഗ് ആദ്യഘട്ടത്തിൽ കൈമാറിയ വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് പൂർത്തിയായി. ദുരന്തത്തിൽ ഉറ്റവരടക്കം സർവ്വവും നഷ്ടമായ 51 കുടുംബങ്ങളാണ് ലീഗ് നിർമിച്ച് നൽകിയ വീടുകളിൽ പുതുജീവിതം ആരംഭിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിക്കലി തങ്ങൾ, പി. കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. അതി വേഗം വീട് പണി പൂർത്തിയാക്കിയതിൽ ചാരിതാർഥ്യം എന്ന് സാദിഖലി തങ്ങൾ പറഞ്ഞു. രണ്ടാം ഘട്ടമായി 25 വീടുകൾ ജൂൺ 15 നകം പൂർത്തിയാക്കുമെന്നും ബാക്കി വീടുകൾ സെപ്റ്റംബർ 30 ഓടെ പൂർത്തിയാക്കുമെന്നും തങ്ങൾ വ്യക്തമാക്കി.

ദുരന്തത്തിൽ ഉറ്റവരടക്കം സർവ്വവും നഷ്ടമായ 51 കുടുംബങ്ങളാണ് മുസ്ലീം ലീഗ് നിർമിച്ച് നൽകിയ വീടുകളിൽ പുതിയ ജീവിതം ആരംഭിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ വെള്ളിത്തോടിലാണ് ദുരന്തബാധിതർക്കായി വീടുകൾ നിർമ്മിച്ചു നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ 51 വീടുകളുടെ താക്കോൽ ഫെബ്രുവരി 28ന് കൈമാറിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം നേതാക്കളുടെ സാന്നിധ്യത്തിൽ ഒരുമിച്ച് പ്രത്യേക ചടങ്ങ് നടത്തി താമസം തുടങ്ങാമെന്നായിരുന്നു കുടുംബങ്ങളുടെ തീരുമാനം. കഴിഞ്ഞ 25ാം തീയതി മുതൽ ചില കുടുംബങ്ങൾ താമസം ആരംഭിച്ചിരുന്നു. ഇന്നത്തെ ചടങ്ങോട് കൂടി 51 കുടുംബങ്ങളും പൂർണമായും താമസം ആരംഭിക്കുകയാണ്.

എട്ട് സെൻ്റ് ഭൂമിയിൽ 1,060 ചതുരശ്ര അടിയിലാണ് മൂന്ന് ബെഡ്റൂം അടങ്ങിയ വീടുകൾ നിർമിച്ചിരിക്കുന്നത്. വീടുകൾക്ക് ആവശ്യമായ ഫർണിച്ചർ ഉൾപ്പെടെ നൽകിയാണ് ലീഗ് വീട് കൈമാറിയത്. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് ചടങ്ങിലേക്ക് പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും വരേണ്ടതില്ല എന്നായിരുന്നു ലീഗിൻ്റെ നിർദേശം. ഗുണഭോക്താക്കളുടെ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്.

SCROLL FOR NEXT