

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതി ചേർത്ത ഡോ. സംഗീത നമ്പ്യാർ പൊലീസിനും മുൻപിൽ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ഹരിപ്രസാദിന് മുന്നിലാണ് സംഗീത ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി സംഗീതയെ ജാമ്യത്തിൽ വിട്ടു. ഡോ. സംഗീത നമ്പ്യാർക്ക് എതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ലഭ്യമല്ലെന്ന് തലശേരി അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ച് വ്യക്തമാക്കിയിരുന്നു.
കേസിൽ ഒന്നാം പ്രതി ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശേരി അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ജാതിയുടെ പേരിൽ നിതിൻ രാജിനെ അപമാനിച്ചതിന് തെളിവില്ലെന്നും, ഡോ. റാം വിദ്യാർഥികളോട് മോശമായി പെരുമാറിയിരുന്നെങ്കിലും അത് ജാതിയെ അടിസ്ഥാനപ്പെടുത്തി അല്ലെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി അറിയിച്ചിരുന്നു. ഇതോടെ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് റാം.
അതേസമയം, പ്രിൻസിപ്പാളിൻ്റെ മുറിക്ക് സമീപം റാമിൻ്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അതിനാൽ റാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. നിതിൻ രാജ് ലോൺ ആപ്പുകാരുടെ ഭീഷണി കാരണം കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. പ്രിൻസിപ്പാളിൻ്റെ മുറിയിൽ വെച്ച് നടന്ന ചോദ്യം ചെയ്യലും, തുടർന്നുണ്ടായ സൈബർ പരാതിയെക്കുറിച്ചുള്ള ഭയവുമാണ് മരണത്തിലേക്ക് നയിച്ചതെന്നും കോടതി അറിയിച്ചിരുന്നു.