പാലക്കാട്: സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായതായി പരാതി. കടമ്പഴിപ്പുറം സ്വദേശിനിയായ പ്രേമയെയാണ് കാണാതായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവർ 15 കോടി രൂപ സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച് 11 ലക്ഷം തട്ടിയെടുക്കുകയായിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ തട്ടിപ്പുകളെ കുറിച്ച് കാര്യമായ ധാരണ ഇല്ലാത്തയാളായിരുന്നു 61കാരിയായ പ്രേമ എന്ന വീട്ടമ്മ. ഫേസ്ബുക്കിലൂടെ എത്തിയ മെസേജിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. 15 കോടി രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സർവീസ് ചാർജായി 11 ലക്ഷം നൽകിയാൽ മാത്രമേ ഇത് ലഭിക്കൂ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആദ്യഘട്ടത്തിൽ തട്ടിപ്പ് സംഘം വാട്സ്ആപ്പ് നമ്പർ ആവശ്യപ്പെട്ടു.
നമ്പർ നൽകിയ പ്രേമയ്ക്ക് പണം അയക്കാനുള്ള അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും അയച്ചുകൊടുത്തു. വാഗ്ദാനം വിശ്വസിച്ച പ്രേമ സ്വർണാഭരണങ്ങൾ പണയം വെച്ചാണ് തട്ടിപ്പുസംഘം നൽകിയ മൂന്ന് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത്.
സെപ്റ്റംബർ രണ്ടിനാണ് 11 ലക്ഷം നൽകിയത്. സെപ്റ്റംബർ 10ന് സംഘം പ്രേമയെ ബന്ധപ്പെട്ട് വീണ്ടും പണം ആവശ്യപ്പെട്ടു. അഞ്ചുലക്ഷം കൂടി നൽകിയാലേ സമ്മാനത്തുക ലഭിക്കൂ എന്ന് അറിയിച്ചതോടെ താൻ തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞു. സംഭവം വീട്ടിൽ പറയുകയും തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പണം നഷ്ടപ്പെട്ടതിൽ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു പ്രേമ.
കൊൽക്കത്തയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണമയച്ചിട്ടുള്ളതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ഇതിന് പിന്നാലെയാണ് 13-ന് അർധരാത്രി പ്രേമയെ കാണാതായത്. വീടുവിട്ടിറങ്ങിയ പ്രേമ നടന്നുപോകുന്നത് പരിസരത്തെ സിസിടിവി ദൃ ശ്യങ്ങളിലുണ്ട്. പ്രേമയ്ക്കായി ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണം തുടരുകയാണ്.