
കൊച്ചി: മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന അന്ധനായ യാചകന് കൗൺസിലിങ് നൽകാൻ നിർദേശം നൽകി ഹൈക്കോടതി. ജീവനാംശം ആവശ്യപ്പെട്ടുള്ള കേസിലാണ് ഹൈക്കോടതിയുടെ നടപടി. മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നതിനിടെ ഒന്നാം ഭാര്യയാണ് കുറ്റിപ്പുറം സ്വദേശി സെയ്ദലവിക്കെതിരെ ഹർജി നൽകിയത്.
പാലക്കാട് കുറ്റിപ്പുറം സ്വദേശി എൻ. സെയ്തലവിക്കെതിരെ മലപ്പുറം സ്വദേശി ജുബൈരിയ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്. നിയമം മാത്രമാണ് താൻ പാലിക്കുന്നതെന്ന വാദമാണ് ഹർജിക്കാരിയുടെ ഭർത്താവ് ഉയർത്തുന്നത്. എന്നാൽ, മുസ്ലിം പുരുഷന് ഏതു സാഹചര്യത്തിലും ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിക്കാമെന്നത് തെറ്റിദ്ധാരണയാണെന്ന് ഹൈക്കോടതി പറഞ്ഞു. തുല്യ നീതി സാധ്യമല്ലെങ്കിൽ ഒന്നിലേറെ വിവാഹം പാടില്ലെന്ന സന്ദേശമാണ് ഖുർആൻ നൽകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ചകളിൽ പള്ളിയുടെ മുന്നിൽ ഭക്ഷാടനം നടത്തിയും ചെറിയ ജോലികൾ ചെയ്തുമാണ് ജീവിക്കുന്നതെന്നും ജീവനാംശം നൽകാവില്ലെന്നുമായിരുന്നു സെയ്തലവിയുടെ വാദം. എന്നാൽ പ്രതിക്ക് 25,000 രൂപ വരുമാനമുണ്ടെന്നും അതിൽനിന്ന് 10,000 രൂപ ജീവനാംശമായി ലഭിക്കണമെന്നും ഹർജിക്കാരിയുടെ ആവശ്യപ്പെട്ടു. ജീവിക്കാൻ ആരും ഭിക്ഷാടനം നടത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിൻ്റെയും കോടതിയുടെയും സമൂഹത്തിൻ്റെയും കടമയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
‘അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്നു നീയൊന്നുതന്നെ ഞങ്ങൾക്കു തമ്പുരാൻ’ എന്ന ശ്രീനാരായണ ഗുരുവിന്‍റെ ‘ദൈവദശക’ത്തിലെ വരികളും കോടതി ഉദ്ധരിച്ചു. ഹർജിക്കാരിയെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന വാദവും ഹർജിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, കാഴ്ച ശക്തിയുള്ള ഹർജിക്കാരിയെ കാഴ്ചയില്ലാത്ത ഭർത്താവ് കായികമായി പീഡിപ്പിക്കുന്നുവെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, ത്വലാഖ് ചൊല്ലുമെന്നും മൂന്നാമതും വിവാഹം കഴിക്കുമെന്നുമടക്കമുള്ള ഭീഷണികൾ മാനസികമായ പീഡനവും ക്രൂരതയുമാണ്. ഇനിയൊരു വനിതയെ കൂടി നിരാലംബയാക്കുന്നതിന് വഴിയൊരുക്കാതെ സാധ്യമെങ്കിൽ ഇരുവരെയും ഒന്നിപ്പിക്കാൻ സർക്കാർ ശ്രമം നടത്തണമെന്ന് കോടതി നിർദേശിച്ചു.