മീനങ്ങാടി ഗ്രാമപഞ്ചായത്ത് Source: News Malayalam 24x7
KERALA

തദ്ദേശ തിളക്കം: ഭവന നിര്‍മാണ പദ്ധതികള്‍, ഊർജോല്‍പ്പാദനം; സ്വയംപര്യാപ്തത കൈവരിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത്

വീടും ഭൂമിയുമില്ലാത്ത ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്കായി വയനാട് മീനങ്ങാടി ഗ്രാമ പഞ്ചായത്താണ് പുനരധിവാസ പദ്ധതി ഒരുക്കിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

വയനാട്: ആദിവാസികള്‍ക്കായുള്ള ഭവന നിര്‍മാണ പദ്ധതിയില്‍ ഊർജോല്‍പ്പാദനം കൂടി ഉൾപെടുത്തി സ്വയം പര്യാപ്തത കൈവരിച്ചിരിക്കുകയാണ് മീനങ്ങാടി ഗ്രാമ പഞ്ചായത്ത്. കാറ്റാടി യന്ത്രങ്ങളും സൗരോര്‍ജ വിളക്കുകളും സ്ഥാപിച്ചാണ് സബര്‍മതി ഉന്നതി സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്നത്. കാര്‍ബണ്‍ സന്തുലിത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പ് കൂടിയാണ് ഈ പദ്ധതി.

വീടും ഭൂമിയുമില്ലാത്ത ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്കായി വയനാട് മീനങ്ങാടി ഗ്രാമ പഞ്ചായത്താണ് പുനരധിവാസ പദ്ധതി ഒരുക്കിയിരിക്കുന്നത്. ലൈഫ് പദ്ധതിയില്‍ ആറ് ലക്ഷം രൂപ വീതം ചെലവഴിച്ച് ഒരേക്കര്‍ സ്ഥലത്ത് 24 വീടുകള്‍ നിര്‍മിച്ചു. സംസ്ഥാന വിഹിതവും ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് വിഹിതവും ഹഡ്‌കോ ധനസഹായവും ഉപയോഗിച്ചാണ് തുക കണ്ടെത്തിയത്. ബാക്കി 21 സെന്റ് സ്ഥലം പൊതു ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ചു. രണ്ട് കിടപ്പുമുറി, ഹാൾ, പൂമുഖം, ശുചിമുറി, പുകയില്ലാത്ത അടുപ്പ്, വാട്ടർ ടാങ്ക് എന്നിവ എല്ലാ വീടുകളിലും ഉണ്ട് . ഇതിനെല്ലാം ഊർജ്ജോല്‍പ്പാദനത്തിനായി പതിനഞ്ചോളം സൗരോര്‍ജ ലൈറ്റുകളും 500 വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്ന വിന്‍ഡ് ടര്‍ബൈനുമാണ് സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തെ കാര്‍ബണ്‍ സന്തുലിത പഞ്ചായത്ത് എന്ന നേട്ടത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് പദ്ധതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ പറയുന്നു.

അനര്‍ട്ട്, നബാര്‍ഡ്, മീനങ്ങാടി ഗ്രാമപഞ്ചായത്ത്, ശ്രേയസ് എന്‍ഡിഒ എന്നിവര്‍ സംയുക്തമായി വകയിരുത്തിയ 10,40,400 രൂപ ചെലവഴിച്ചാണ് സൗരോര്‍ജ വിളക്കുകളും കാറ്റാടി യന്ത്രവും സ്ഥാപിച്ചിരിക്കുന്നത്. ജൽ ജീവൻ മിഷന്റെ കുടിവെള്ള കണക്ഷന് പുറമെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കിണറും, മാലിന്യ സംസ്കരണത്തിന് ആധുനിക സംവിധാനങ്ങളും, ഇന്റർലോക്ക് പതിപ്പിച്ച വഴിയുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

SCROLL FOR NEXT