തിരുവനന്തപുരം: വെമ്പായത്ത് ഹാപ്പി ലാൻഡ് വാട്ടർ തീം പാർക്കിലെ അപകടത്തിൽ ഇടപെട്ട് മനുഷ്യവകാശ കമ്മീഷൻ. സംഭവത്തിൽ ആർഡിഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് ഇറക്കി. ജില്ലാ കളക്ടർ മൂന്ന് ആഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം നൽകി. അപകടമുണ്ടായ യന്ത്രത്തിന് ഫിറ്റ്നെസ് ലഭിച്ച ശേഷമാണോ പാർക്കിന് ലൈസൻസ് നൽകിയതെന്ന് മാണിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കണം എന്നും, ഡിവൈഎസ്‌പി തലത്തിൽ അന്വേഷണം നടത്തി റൂറൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശം നൽകി.
ഈമാസം 28 നാണ് തിരുവനന്തപുരം വെമ്പായത്തുള്ള ഹാപ്പി ലാൻഡ് എന്ന അമ്യൂസ്മെൻ്റ് പാർക്കിലാണ് അപകടം ഉണ്ടായത്. പാർക്കിലെ റൈഡ് പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 5 പേർക്ക് ഗുരുതരമായി പരിക്കേറ്റു. റൈഡിൻ്റെ വെൽഡിങ് പൊട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 15 ഓളം പേർ ഒരേസമയം റൈഡിൽ കയറിയതാണ് അപകടത്തിന് കാരണമെന്നും പറയുന്നു.