വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ പഠനസഹായം വൈകുന്നുവെന്ന ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മാതാപിതാക്കൾ നഷ്‌ടമായ കുട്ടികൾക്കുള്ള പഠനസഹായ വിതരണത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യം അന്വേഷിക്കണം. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശം നൽകി. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് നിർദേശം നല്‍കിയത്.
കുട്ടികളുടെ പഠനാവശ്യത്തിനായി 2.1 കോടിരൂപ കൈമാറിയതായി സിഎംഡിആർഎഫ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ആരോപണങ്ങളുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു.
പണം കളക്ടറുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് വയനാട് എഡിഎം ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. വനിതാ ശിശുവികസന വകുപ്പ് അനുവദിച്ച തുക കാണിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് രക്ഷകർത്താക്കൾ ആരോപിച്ചു.ഇതിനുപിന്നാലെയാണ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്.