തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വച്ച് മരിച്ച കൊല്ലം സ്വദേശി വേണുവിൻ്റെ മരണത്തിൽ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളത്തിൻ്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വേണുവിൻ്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയാണ് നടപടി എടുത്തിരിക്കുന്നത്.
നവംബർ ആറിനാണ് ഓട്ടോ ഡ്രൈവറായ പന്മന സ്വദേശി വേണു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. കൃത്യ സമയത്ത് ചികിത്സ കിട്ടാത്തതാണ് വേണു മരിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദേശിച്ച് ആറ് ദിവസം കിടന്നിട്ടും ശസ്ത്രക്രിയ നടത്തിയില്ല. എന്ത് ചോദിച്ചാലും ആശുപത്രി അധികൃതർ മറുപടി തരുന്നില്ലെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം ന്യൂസ് മലയാളം പുറത്തുവിടുകയും ചെയ്തിരുന്നു.
എന്നാൽ വേണുവിന് സാധ്യമായ ചികിത്സകളും നൽകിയെന്നും, ശ്വാസകോശത്തിലെ നീർക്കെട്ട് ആണ് കാര്യങ്ങൾ ഗുരുതരമാകാൻ കാരണമായതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വേണുവിൻ്റെ കുടുംബം പരാതി നൽകിയിരുന്നു. എന്നാൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു പിഴവും പറ്റിയിട്ടില്ലെന്നാണ് അപ്പോഴും സൂപ്രണ്ട് അറിയിച്ചത്.
ഭർത്താവിൻ്റെ മരണത്തിന് ഉത്തരവാദികൾ ഡോക്ടർമാരാണ് എന്ന് വേണുവിൻ്റെ ഭാര്യ സിന്ധു പ്രതികരിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ഭർത്താവിൻ്റെ ജീവൻ രക്ഷിക്കാമായിരുന്നു. വേണുവിന് നിർദേശിച്ച എക്കോ പരിശോധനയും ആൻജിയോഗ്രാമും നടത്തിയില്ലെന്നും സിന്ധു പറഞ്ഞിരുന്നു.