കൊല്ലം: മെഡിക്കൽ കോളേജിലെ വേണുവിൻ്റെ മരണത്തിൽ ഡോക്ടർമാർക്കെതിരെ ആരോപണവുമായി ഭാര്യ സിന്ധു. വേണുവിൻ്റെ മരണത്തിന് ഉത്തരവാദിത്തം ഡോക്ടർമാർക്ക് എന്ന് വേണുവിൻ്റെ ഭാര്യ ആവർത്തിച്ചു. ചികിത്സ പിഴവ് ഉണ്ടായി എന്ന് ആരോപിക്കാൻ കാരണമെന്ത് എന്ന് അന്വേഷണസംഘത്തിൻ്റെ ചോദ്യത്തിനാണ് സിന്ധു മറുപടി നൽകിയത്.
സമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. എക്കോ പരിശോധനയും ആൻജിയോഗ്രാമും നടത്തിയില്ലെന്നും സിന്ധു പറഞ്ഞു. നവംബർ ഒന്ന് മുതൽ ഇതുവരെയുള്ള സംഭവങ്ങൾ സംഘത്തിന് മുന്നിൽ സിന്ധു വിശദീകരിച്ചു. രണ്ടു മണിക്കൂറോളം നീണ്ട മൊഴിയെടുപ്പ് പൂർത്തിയായെന്ന് അന്വേഷണസംഘം അറിയിച്ചു.
നവംബർ ആറിനാണ് ഓട്ടോ ഡ്രൈവറായ പന്മന സ്വദേശി വേണു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. കൃത്യ സമയത്ത് ചികിത്സ കിട്ടാത്തതാണ് വേണു മരിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദേശിച്ച് ആറ് ദിവസം കിടന്നിട്ടും ശസ്ത്രക്രിയ നടത്തിയില്ല. എന്ത് ചോദിച്ചാലും ആശുപത്രി അധികൃതർ മറുപടി തരുന്നില്ലെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം ന്യൂസ് മലയാളം പുറത്തുവിടുകയും ചെയ്തിരുന്നു.
എന്നാൽ വേണുവിന് സാധ്യമായ ചികിത്സകളും നൽകിയെന്നും, ശ്വാസകോശത്തിലെ നീർക്കെട്ട് ആണ് കാര്യങ്ങൾ ഗുരുതരമാകാൻ കാരണമായതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വേണുവിൻ്റെ കുടുംബം പരാതി നൽകിയിരുന്നു. എന്നാൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു പിഴവും പറ്റിയിട്ടില്ലെന്നാണ് അപ്പോഴും സൂപ്രണ്ട് അറിയിച്ചത്. പിഴവ് പറ്റിയിട്ടില്ലെന്ന് കാട്ടി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആശുപത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.