വനം വകുപ്പിനെതിരെ താമരശേരി രൂപത 
KERALA

മനുഷ്യ-വന്യജീവി സംഘർഷം: "മന്ത്രിക്ക് ചെവി കേള്‍ക്കില്ല, ഇനി ജയില്‍ നിറയ്ക്കല്‍"; മുന്നറിയിപ്പുമായി താമരശ്ശേരി രൂപത

വനം മന്ത്രിയുടെ അടുത്ത് ഇനി പോയിട്ട് കാര്യമില്ലെന്ന് മാർ റെമീജിയോസ് ഇഞ്ചനാനിയൽ

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മനുഷ്യ-വന്യജീവി സംഘർഷങ്ങളില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപത. വനം മന്ത്രിക്ക് ചെവി കേൾക്കില്ലെന്നും ജീവിക്കാനുള്ള അവകാശം വനം വകുപ്പും സർക്കാരും ഇല്ലാതാക്കുന്നുവെന്നും മാർ റെമീജിയോസ് ഇഞ്ചനാനിയൽ. സർക്കാർ സൗരവേലികള്‍ നിർമിക്കുമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്ന് ആരോപിച്ച് നടന്ന താമരശ്ശേരി കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധ റാലിയിലായിരുന്നു പ്രസ്താവന.

വനം മന്ത്രിയുടെ അടുത്ത് ഇനി പോയിട്ട് കാര്യമില്ലെന്ന് മാർ റെമീജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു. തങ്ങളുടെ ജീവന് വിലയില്ലേ? ഇനി സമരവുമായി വഴിയിലേക്ക് ഇറങ്ങാൻ തങ്ങൾക്ക് അവസരം ഉണ്ടാക്കരുത്. ഇനി ഒരു ജീവൻ നഷ്ടപെടാൻ പാടില്ല. വനം മന്ത്രിയുടെ അടുത്ത് ഇനി പോയിട്ട് കാര്യമില്ലെന്നും മാർ റെമീജിയോസ് ഇഞ്ചനാനിയൽ കൂട്ടിച്ചേർത്തു.

ഇനി സമരത്തിന് ഈ രീതിയല്ല ഉണ്ടാവുകയെന്നും മാർ റെമീജിയോസ് മുന്നറിയിപ്പ് നല്‍കി. മറ്റൊരു ക്വിറ്റ് ഇന്ത്യാ സമരത്തിന്, 'ക്വിറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ' സമരത്തിന് പ്രഖ്യാപനം നടത്തുന്നു. മറ്റൊരു സ്വാതന്ത്ര്യസമരമായി അത് മാറും. നിസഹകരണ - ജയിൽ നിറയ്ക്കൽ സമരങ്ങള്‍ ആരംഭിക്കും. ജയിലിൽ പോകേണ്ടിവന്നാലും ഭയപ്പെടേണ്ട കാര്യമില്ലെന്ന് മാർ റെമീജിയോസ് ഇഞ്ചനാനിയൽ അറിയിച്ചു.

SCROLL FOR NEXT