
തിരുവനന്തപുരം: വകുപ്പുതല അന്വേഷണ സമിതി നടപടിക്ക് ശുപാർശ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍. താൻ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്നും സർക്കാർ ഉദ്യോഗസ്ഥർ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നിൽ വിവരങ്ങൾ പങ്കുവയ്ക്കുന്നത് ചട്ടലംഘനം ആണെന്നും ഹാരിസ് വ്യക്തമാക്കി. സർക്കാരിനെ കുറ്റം പറയാൻ താല്‍പ്പര്യമില്ല. ഉപകരണങ്ങൾ എത്തിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും ഡോ. ഹാരിസ്.
സർക്കാരിന് സമ്മർദ്ദം ഉണ്ടാക്കിയെന്നും ഹാരിസ് പറഞ്ഞു. താൻ ആശുപത്രിയിൽ ഉണ്ടായിരുന്ന സമയം ആരോഗ്യ മന്ത്രി നേരിട്ടെത്തി സമാധാനപ്പെടുത്തി. മറ്റു കാര്യങ്ങൾ സംസാരിച്ചില്ല. വിവാദങ്ങൾ നീട്ടി വലിച്ചു കൊണ്ടുപോകുന്നത് സംവിധാനത്തെ മുഴുവൻ സമ്മർദത്തിലാക്കുമെന്നും ജനങ്ങൾക്ക് ഭയമുണ്ടാകുമെന്നും ഹാരിസ് അറിയിച്ചു. പരമാവധി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ആഗ്രഹം. കെജിഎംസിടി മാധ്യമങ്ങളെ കാണരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇനി ഈ വിഷയത്തിൽ താൻ പ്രതികരിക്കില്ലെന്നും ഡോ. ഹാരിസ് വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മോർസിലോസ്കോപ്പ് കാണാതായി എന്നത് മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഹാരിസ് പറഞ്ഞു. തന്നെ കൊണ്ടുപോകുകയോ തെളിവെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല. സാധാരണ രീതിയിലുള്ള സംസാരം മാത്രമാണ് ഉണ്ടായത്. മോർസിലോസ്കോപ്പിൻ്റെ ഒരു ഭാഗം കാണാൻ ഇല്ലേ എന്നാണ് തന്നോട് ചോദിച്ചത്. തനിക്കെതിരെ ആരോപണമുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും തന്നെ വിശ്വാസമുണ്ടെങ്കിൽ സംരക്ഷിക്കട്ടെയെന്നും ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.
ബില്ല്, ഡെലിവറി ചെലാൻ എന്നിവയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ല. കുറച്ച് പേപ്പർ കൈയ്യിൽ കിട്ടും അത്രമാത്രം. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. തന്റെ മുറിയില്‍ ആരെങ്കിലും കയറുന്നതില്‍ ഒരു അസ്വാഭാവികതയുമില്ല. തൻ്റെ മുറിയിൽ എല്ലാവർക്കും കയറാം. എപ്പോൾ വേണമെങ്കിലും മുറിയില്‍ കയറി ഉപകരണം എടുക്കാനുള്ള സ്വതന്ത്ര്യം ആശുപത്രിയിൽ ഉള്ളവർക്കുണ്ട്.
ഇന്നലെ നടന്ന മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെയും സുപ്രണ്ടിന്റെയും വാർത്താസമ്മേളനത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. അവരെ കുറ്റം പറയാനില്ല. ശസ്ത്രക്രിയ ഉപകരണം തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടാകില്ല. ബില്ല് തിരിച്ചറിയാതെ പോയതിൽ തെറ്റ് പറയുന്നില്ല. തന്റെ സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചതെങ്കിൽ വിശദീകരിച്ച് നൽകാമായിരുന്നു. മോർസിലോസ്കോപ്പ് കണ്ടെത്തി. ഇനി അതിൽ കൂടുതൽ അഭിപ്രായം പറയാന്‍ ഇല്ലെന്നും ഹാരിസ് അറിയിച്ചു. അഞ്ച് ദിവസത്തെ അവധിക്ക് ശേഷം ഡോക്ടർ ഹാരിസ് ചിറയ്ക്കല്‍ ഇന്ന് ജോലിയില്‍ തിരികെ പ്രവേശിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെ കുറിച്ചുള്ള ഡോ. ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ അന്വേഷണ സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോർട്ടില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മോർസിലോസ്കോപ്പ് എന്ന ഉപകരണം കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ആരോഗ്യമന്ത്രി വീണാ ജോർജ് പരസ്യമായി ഉന്നയിക്കുകയും ചെയ്തു. തുടർന്ന് ഡിഎംഇയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ ആദ്യഘട്ട പരിശോധന നടത്തി. ഈ പരിശോധനയില്‍ ഡോ. ഹാരിസിന്റെ മുറിയില്‍ നിന്നും ബോക്സടക്കം മോർസിലോസ്കോപ്പ് കണ്ടെത്തിയെന്നാണ് പ്രിന്‍സിപ്പല്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇത് ഹാരിസ് മാറ്റിവെച്ചതല്ല മറ്റാരോ കൊണ്ടുവെച്ചതാണെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങളില്‍ ഹാരിസിന്റെ മുറിയിലേക്ക് ആരോ കടക്കുന്നത് കാണാമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ ഡോ. ഹാരിസ് ഈ വാദങ്ങള്‍ തള്ളി.