കേരളാ ഹൈക്കോടതി  
KERALA

ഭാര്യയെ യുവാവ് തടങ്കലിലാക്കിയെന്ന് ഭര്‍ത്താവിൻ്റെ ഹര്‍ജി, സ്വന്തം ഇഷ്ടപ്രകാരം പോയതെന്ന് യുവതി; പരാതി തീര്‍പ്പാക്കി ഹൈക്കോടതി

ഹർജിക്കാരൻ നിയമപരമായി തൻ്റെ ഭർത്താവല്ലെന്ന് യുവതി അറിയിച്ചതിന് പിന്നാലെയാണ് ഹർജി ഹൈക്കോടതി തീർപ്പാക്കിയത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഭാര്യയെ തടങ്കലിൽ ആക്കിയെന്നാരോപിച്ച് തമിഴ്‌നാട് വൈദ്യുതി ബോർഡ് റിട്ടയേഡ് ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. ഹർജിക്കാരൻ നിയമപരമായി തൻ്റെ ഭർത്താവല്ലെന്ന് യുവതി അറിയിച്ചതിന് പിന്നാലെയാണ് ഹർജി ഹൈക്കോടതി തീർപ്പാക്കിയത്.

ഗ്വാളിയർ സ്വദേശിയായ ശ്രദ്ധ ലെനിനെ മണ്ണുത്തി സ്വദേശി ജോസഫ് സ്റ്റീവൻ തടങ്കലിൽ വച്ചിരിക്കുന്നതായി ആരോപിച്ചായിരുന്നു കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച്, എത്രയും വേഗം യുവതിയെ കണ്ടെത്താൻ പൊലീസിന് നിർദേശം നൽകിയിരുന്നു.

തുടർന്നാണ് യുവതി ഹൈക്കോടതിയിലെത്തി ഹർജിക്കാരൻ നിയമപരമായി തന്നെ വിവാഹം ചെയ്തിട്ടില്ലെന്ന് അറിയിച്ചത്. തന്നെ ആരും തടഞ്ഞ് വെച്ചിട്ടില്ലെന്നും സ്വമേധയാ വീട് വിട്ടറങ്ങിയതാണെന്നും കോടതിയിൽ ബോധിപ്പിച്ചു.

ഭാര്യ ഇടയ്ക്കിടെ കേരളത്തിൽ വരാറുണ്ടെന്നും കുടുംബസുഹൃത്തായ ജോസഫിനൊപ്പമാണ് താമസിക്കാറെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിൽ വച്ചാണ് ഭാര്യയെ അവസാനം കണ്ടത്. മേയ് 17ന് വാട്സാപ് ചാറ്റുകളും നിലച്ചു.

ജൂൺ ആദ്യം അഭിഭാഷകനെന്നു പരിചയപ്പെടുത്തി കൊണ്ട് ജി.എം. റാവു, കന്യാസ്ത്രീയെന്നു പറയുന്ന സോഫിയ എന്നിവർ ഫോണിൽ ബന്ധപ്പെട്ടു. ഹർജിക്കാരൻ്റെ ഭാര്യ മരിച്ചുവെന്ന് ഇവർ അറിയിച്ചു.ഏതോ സംസ്കാരച്ചടങ്ങിൻ്റെ ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു. ശ്രദ്ധയുടെ പേരിലുള്ള രണ്ടരക്കോടിയുടെ സ്വത്തുവിൽക്കുന്നതിന് തന്നെ ചുമതലപ്പെടുത്തിയതായും പറഞ്ഞു.

എന്നാൽ ഭാര്യ അന്യായ തടങ്കലിലാണെന്നാണ് സംശയിക്കുന്നതെന്നും ജോസഫും കൂട്ടരും തൻ്റെ പക്കൽ നിന്നും പല കാരണങ്ങൾ പറഞ്ഞ് മുമ്പും പണം വാങ്ങിയെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. പരസ്പരമുള്ള വാശിയാണ് സംഭവങ്ങൾക്ക് കാരണം. ഒരു കൂട്ടരുടേയും നീക്കങ്ങൾ ആത്മാർത്ഥതയോടെയല്ല, നിങ്ങൾ വിദ്യാർഥികൾക്ക് വണ്ടർഫുൾ ഉദാഹണങ്ങൾ സൃഷ്ടിക്കുകയാണെന്നും ഹർജി തീർപ്പാക്കുന്നതിനിടെ ഹൈക്കോടതി വിമർശിച്ചു.

SCROLL FOR NEXT