മൂന്നാർ ഗ്രാമപഞ്ചായത്ത്  Source: News Malayalam 24x7
KERALA

തദ്ദേശത്തിളക്കം | രാഷ്ട്രീയ കോലാഹലങ്ങളും കൂറുമാറ്റവും നാടകങ്ങളും; മൂന്നാർ ഇത്തവണ ആര് നേടും?

21 ൽ 11 സീറ്റ് നേടിയാണ് 2020ൽ മൂന്നാർ പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയത്.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: രാഷ്ട്രീയ കോലാഹലങ്ങളും നാടകങ്ങളും അരങ്ങേറിയ ഭരണമാണ് മൂന്നാറിൽ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഉണ്ടായത്. 2020ൽ യുഡിഎഫ് ഭരണത്തിൽ എത്തി. പിന്നീട് യുഡിഎഫ് അംഗങ്ങൾ കൂറുമാറിയതോടെ ഭരണം എൽഡിഎഫിനൊപ്പമെത്തി. എന്നാൽ കാലാവധി അവസാനിക്കുമ്പോൾ മൂന്നാർ പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫ് ആണ്.

21ൽ 11 സീറ്റ് നേടിയാണ് 2020ൽ മൂന്നാർ പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയത്. 2022ൽ പദവികളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രണ്ട് അംഗങ്ങൾ കൂറുമാറിയതോടെ ഭരണം എൽഡിഎഫിന് ലഭിച്ചു. പിന്നീട് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും വോട്ടിങ്ങിലുണ്ടായ അപാകതയെ തുടർന്ന് ഭരണത്തിൽ തിരികെ എത്താനായില്ല. ഇക്കാലയളവിൽ നാല് ജനപ്രതിനിധികളെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി.

രണ്ട് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾ ജയിച്ചു. നാലുമാസം മുമ്പ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തി. അഞ്ച് വർഷം മുഴുവനായി ഭരിക്കാൻ സാധിച്ചില്ലെങ്കിലും യുഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതിക്ക് അവകാശവാദങ്ങൾ ഏറെയാണ് .

എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തെ യുഡിഎഫ് ഭരണത്തിൽ പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് എൽഡിഎഫ് ആരോപിക്കുന്നു. പ്രധാന ടൂറിസം കേന്ദ്രമായ മൂന്നാർ നേരിടുന്ന ഗതാഗത കുരുക്ക്, അപര്യാപ്തമായ പാർക്കിങ് സൗകര്യം, തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരമായിട്ടില്ല . തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾക്കും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾക്കും കൂടുതൽ പരിഗണന നൽകേണ്ടതുണ്ടെന്നും എൽഡിഎഫ് പ്രതിനിധികൾ അറിയിച്ചു.

SCROLL FOR NEXT