രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിൽ അതിജീവിതയായ പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് രാഹുൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ അടിയന്തര നടപടി എടുക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
രാഹുലിനെതിരായ പരാതി അതീവ ഗൗരവമുള്ളതാണ്. സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങളിൽ വലിയ വായിൽ സംസാരിക്കുന്നവരാണ് കോൺഗ്രസ്. വി.ഡി സതീശന് തന്നെ നേരിട്ടറിയാവുന്ന നിരവധി കേസുകളുണ്ട്. അദ്ദേഹത്തിൻ്റെ മുന്നിലും ഈ പരാതികളൊക്കെ വന്നിട്ടുള്ളതാണ്. ഇതുവരെ അവർ പറഞ്ഞിരുന്നത് പരാതിയില്ലെന്നാണ്. ഇപ്പോൾ പരാതി ലഭിച്ചിരിക്കുന്നു.ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ രാഹുൽ അർഹനല്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
രാഹുൽ രാജിവെക്കേണ്ടത് കേരളത്തിൻ്റെ ധാർമ്മികതയുടെ പ്രശ്നമാണ്. ഇതൊരു വ്യാജ പരാതിയല്ല. വ്യക്തമായ തെളിവുകളോടെ ഉള്ള പരാതിയാണ്. ഒരിക്കലും പുറത്തു പറയാൻ പറ്റാത്ത ഹീനമായ കുറ്റകൃത്യങ്ങൾ രാഹുലിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. പൊതു രംഗത്ത് ഒരുനിമിഷം പോലും തുടരാൻ അയാൾക്ക് അർഹതയില്ല.
അന്തസ്സുണ്ടെങ്കിൽ സണ്ണി ജോസഫും സതീശനും രാഹുലിനെ രാജിവെപ്പിക്കണം.മനോനില തെറ്റിയ ഒരു കുറ്റവാളിയെ മുന്നിൽ നിർത്തിയാണോ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാനൊരുങ്ങുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ന്യൂസ് മലയാളം പുറത്തുവിട്ടതിന് പിന്നാലെയാണ് അതിജീവിതയായ പെൺകുട്ടി ഇന്ന് വൈകുന്നേരം സെക്രട്ടറിയേറ്റിൽ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.നിർണായകമായ ഡിജിറ്റൽ തെളിവുകളും പെൺകുട്ടി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഈ പരാതിയിലുള്ളത്.രാഹുൽ മാങ്കൂട്ടത്തിൽ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വധിക്കുമെന്ന് ഭയപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്.