ഐ.എം. വിജയൻ 
KERALA

സ്ഥാനാർഥിയാക്കാൻ ബിജെപി സമീപിച്ചു, നിയമസഭയിലേക്ക് മത്സരിക്കാനില്ല; രാജ്യസഭാ സീറ്റ് ഏതു പാർട്ടി നൽകിയാലും സ്വീകരിക്കും: ഐ.എം. വിജയൻ

മത്സരിക്കണം എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോഴും രാജ്യസഭാ സീറ്റിനെ പറ്റിയാണ് പറഞ്ഞതെന്നും ഐ.എം. വിജയൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ ബിജെപി സമീപിച്ചുവെന്ന ന്യൂസ് മലയാളം വാർത്ത സ്ഥിരീകരിച്ച് ഐ.എം. വിജയൻ. സ്ഥാനാർഥിയാകാൻ ആവശ്യപ്പെട്ട് സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ തന്നെ ബന്ധപ്പെട്ടു. തൽക്കാലം തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. രാജ്യസഭ അംഗമാകാൻ ഏത് പാർട്ടി പറഞ്ഞാലും സമ്മതിക്കുമെന്നും ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയൻ തുറന്നുപറഞ്ഞു.

നാല് ദിവസം മുമ്പാണ് സുരേഷ് ഗോപി മത്സരിക്കാൻ ആവശ്യപ്പെട്ടത്. മത്സരിക്കണം എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോഴും രാജ്യസഭാ സീറ്റിനെ പറ്റിയാണ് പറഞ്ഞത്. രാജ്യസഭ അംഗമാകാൻ ആവശ്യപ്പെട്ടാൽ അത് സ്വീകരിക്കും. ഏതു പാർട്ടി രാജ്യസഭാ സീറ്റ് നൽകിയാലും സ്വീകരിക്കും. പിടി ഉഷയെപ്പോലെ എംപി ആവാൻ താനും തയ്യാറാണ്. കരുണാകാരന്റെ കാലത്താണ് തനിക്ക് ജോലി കിട്ടിയത്. ഇടതു കാലത്തും തന്നെ നന്നായി പരിഗണിച്ചിട്ടുണ്ട്. താൻ ഒരു പാർട്ടിക്ക് വേണ്ടി മാത്രം നിൽക്കില്ല. ഞാൻ എല്ലാവർക്കും ഒപ്പം ഉണ്ടാകും. തെരഞ്ഞെടുപ്പിൽ തൽക്കാലം മത്സരിക്കാനില്ല, ഐ.എം. വിജയൻ്റെ വാക്കുകൾ.

ഫെബ്രുവരി 12നാണ് ഐ.എം.വിജയൻ അടക്കമുള്ള നേതാക്കളെ സ്ഥാനാര്‍ത്ഥിത്വ വാഗ്ദാനവുമായി ബിജെപി സമീപ്പിച്ചെന്ന വാർത്ത ന്യൂസ് മലയാളം പുറത്തുവിട്ടത്. മറ്റു പാര്‍ട്ടികളിലെ പ്രമുഖരടക്കം 15 പേരടങ്ങുന്ന പ്രാഥമിക സ്ഥാനാര്‍ഥി സാധ്യതാ പട്ടികയാണ് 11 നിയമസഭാ മണ്ഡലങ്ങളിലേക്കായി ബിജെപി രൂപീകരിച്ചത്. നാട്ടിക മണ്ഡലത്തിലേക്കാണ് ബിജെപി ഐ.എം. വിജയനെ പരി​ഗണിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ജില്ലയില്‍ പരമാവധി നേട്ടമുണ്ടാക്കുക എന്നതാണ് ഇതിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത്. പ്രമുഖരെ നിര്‍ത്തുന്നതിനൊപ്പം ബിജെപി ജില്ലാ നേതാക്കളും സംസ്ഥാന നേതാക്കളും തൃശൂരില്‍ പരിഗണനയിലുണ്ട്.

SCROLL FOR NEXT